പൊലീസിന്റെ ആൽകോ സ്കാൻ വാൻ പണി തുടങ്ങി; ആദ്യദിവസം അഞ്ച് കേസുകൾ

By Web TeamFirst Published Sep 19, 2022, 1:35 PM IST
Highlights

ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച അഞ്ച് പേരെയാണ് പിടികൂടിയത്. 50 പേരിലാണ് ആദ്യ ദിവസം പരിശോധന നടത്തിയത്.

കൊല്ലം : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനും മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴിയുണ്ടാകുന്ന അപകടങ്ങളെ തടയുവാനും സർക്കാർ ഒരുക്കിയ ആൽകോ സ്കാൻ വാൻ പ്രവർത്തനം ആരംഭിച്ചു. വാഹനം ഉപയോഗിച്ച് ആദ്യ ദിവസം കൊല്ലത്ത് നടത്തിയ പരിശോധനയിൽ അഞ്ച് പേർ പിടിയിലായി. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച അഞ്ച് പേരെയാണ് പിടികൂടിയത്. 50 പേരിലാണ് ആദ്യ ദിവസം പരിശോധന നടത്തിയത്. ആധുനിക പരിശോധനാ സംവിധാനമാണ് ആൽകോ സ്കാൻ വാനിൽ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഏത് തരത്തിലുള്ള ലഹരി വസ്തുക്കൾ ഉരയോഗിച്ചാലും തിരിച്ചറിയാനാകും. കൊട്ടാരക്കര എസ് ഐ കെ എസ് ദീപുവിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ദിന പരിശോധന. 

വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് സർക്കാർ തീരുമാനം. പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ  ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാനും പൊലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. 

ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച പൊലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും ഫ്ലാ​ഗ് ഓഫും ആ​ഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചിരുന്നു. 

click me!