
കൊല്ലം : രാസലഹരി കേസിൽ പ്രതികളായ അഞ്ച് യുവാക്കൾക്ക് 20 വർഷം വീതം തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കുഴിയം സിന്ധുഭവനിൽ വിഷ്ണു വിജയൻ (23 ) പെരുമ്പുഴ, കൂരിപ്പള്ളി കടയിൽ വീട്ടിൽ ഷംനാദ് (25) ചന്ദനത്തോപ്പ്, കുഴിയം സൗത്ത് അഖിൽ ഭവനിൽ പ്രഗിൽ (25 ), ചന്ദനത്തോപ്പ് ഫാറൂഖ് മൻസിലിൽ ഉമർ ഫാറൂഖ് (25) ചാത്തിനാംകുളം പള്ളിവടക്കതിൽ മുഹമ്മദ് സലാഷ് (25) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്‌ജി പിഎൻ വിനോദാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം.
കാറിൻ്റെ ഡാഷ് ബോർഡിലും കൈയ്യിലുമായി 85.400 ഗ്രാം മെറ്റാഫെത്താമിനുമായി പിടികൂടിയ കേസിലാണ് അഞ്ച് പേരെയും ശിക്ഷിച്ചത്. രാസലഹരി കൈവശം വെച്ച കേസിൽ 10 വർഷവും മയക്കുമരുന്ന് കച്ചവടത്തിന് ഗൂഢാലോചന നടത്തിയ കേസിൽ പത്ത് വർഷവുമാണ് ശിക്ഷ. പ്രതികളെ കുണ്ടറ പോലീസ് ഇൻസ്പെക്‌ടർ ആർ.രതീഷും സംഘവുമാണ് പിടികൂടിയത്. മയക്കുമരുന്നുമായി കാറിലെത്തിയ സംഘം ആവശ്യക്കാരെ കാത്തു നിൽക്കുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസ് സംഘം വാഹനവും പ്രതികളെയും പരിശോധിച്ചു. ഇതിലാണ് 85.400 ഗ്രാം മെറ്റാഫെത്താമിൻ കണ്ടെടുത്തത്. കുണ്ടറ പൊലീസ് ഇൻസ്പെക്‌ടർ രതീഷ്.ആർ, ഡിവൈഎസ്‌പി ഷെരീഫ് എസ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ: സിസിൻ. ജി. മുണ്ടയ്ക്കൽ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam