
അമ്പലപ്പുഴ: ആലപ്പുഴയിൽ അയൽവാസികളായ അതിഥി തൊഴിലാളികൾ വീടു കയറി ആക്രമിച്ചു. വീട്ടമ്മക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസിൽ വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി 10.30 ഓടെയായിരുന്നു സംഭവം. 15 ഓളം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളാണ് വിശ്വലക്ഷ്മിയുടെ വീടിന് വടക്കു ഭാഗത്തായി താമസിക്കുന്നത്. ഇവർ തമ്മിൽ പലപ്പോഴും മദ്യപിച്ച് വഴക്കുണ്ടാക്കുന്നതും പതിവാണ്.
കഴിഞ്ഞ രാത്രിയിലും അതിഥി തൊഴിലാളികൾ തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു. ഇത് ശല്യമായതോടെ വിശ്വലക്ഷ്മി വിവരം പഞ്ചായത്തംഗം ലേഖാമോൾ സനിലിനെ അറിയിച്ചു. വിവരം പൊലീസിൽ അറിയിക്കാൻ പഞ്ചായത്തംഗം നിർദേശിച്ചു. ഇതറിഞ്ഞ അഞ്ചോളം അതിഥി തൊഴിലാളികൾ വിശ്വക്ഷ്മിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ഗേറ്റ് ചവിട്ടിത്തുറന്നെത്തി ആക്രമിക്കുകയായിരുന്നു. ആക്രമികൾ വിശ്വലക്ഷ്മിയുടെ വസ്ത്രം വലിച്ചു കീറുകയും കഴുത്തിലും പുറത്തും മർദിക്കുകയും ചെയ്തു.
നാട്ടുകാർ ഓടിയെത്തിയതോയെടാണ് പ്രതികൾ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലപ്പുഴ പൊലീസ് പ്രതികളായ അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു. കഴുത്തിന് സാരമായി പരിക്കേറ്റ വിശ്വലക്ഷ്മിയെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനക്കു ശേഷം പിന്നീട് ഡിസ്ചാർജ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam