അടിവയറ്റില്‍ നിരന്തരം ചവിട്ടേറ്റതിനെ തുടര്‍ന്ന് മൂത്രം പോകാന്‍ സാധിക്കാത്തതുമൂലം ട്യൂബിലൂടെ ആണ് സുരേഷിന്  മൂത്രം  പോകുന്നത്. ശരീരം മുഴുവന്‍ കൊടിയ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ആന്തിരക അവയവങ്ങള്‍ക്കും പരിക്കുകള്‍ ഉണ്ട്.

തൃശൂർ: വീടിനടുത്തെ കെട്ടിടത്തിന്‍റെ മുകളില്‍ ഇരുന്ന മദ്യപിച്ചിരുന്നവരെ നോക്കിയെന്നതിന്‍റെ പേരില്‍ ബൈക്ക് തടഞ്ഞ് ദളിത് യുവാവിന് ക്രൂര മർദ്ദനം. താണിക്കൂടം സ്വദേശി ചാത്തേടത്ത് വീട്ടില്‍ സുരേഷിനെ(45) ആണ് പത്തംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. ഇയാളുടെ കൈയില്‍ ഉണ്ടായിരുന്ന 7,500 രൂപയും കൈവിരലില്‍ ഉണ്ടായിരുന്ന ഭാര്യയുടെ പേര് കുത്തിയ അര പവന്‍റെ സ്വര്‍ണ്ണ മോതിരവും പ്രതികൾ തട്ടിയെടുത്തു. അബോധാവസഥയില്‍ റോഡില്‍ കിടന്നിരുന്ന യുവാവിനെ ആക്രമണം കണ്ട് ഓടിയെത്തിയ നാട്ടുക്കാര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്.

മര്‍ദ്ദനമേറ്റ് ബോധം പോയ യുവാവിനെ മരണപ്പെട്ടന്ന് കരുതി പ്രതികൾ ഉപേക്ഷിച്ച് പോവുകയായിരുന്നു. സുരേഷിനൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന മറ്റെരു യുവാവിനെയും സംഘം മര്‍ദ്ദിച്ച് ഭീഷണിപെടുത്തി ഓടിച്ചിരുന്നു. ഇയാളെ തല്ലിയോടിച്ചതിന് ശേഷമാണ് സംഘം ആക്രമണം നടത്തിയത്. ഇലകട്രീഷ്യനായ സുരേഷ് വീട്ടില്‍ എത്തി സുഹുത്തിനൊപ്പം ബൈക്കില്‍ മക്കള്‍ക്കുള്ള ഭക്ഷണം വാങ്ങിച്ച് വരുമ്പോളാണ് വീടിന് അടുത്തുള്ള കെട്ടിടത്തിന്‍റെ മുകളിലിരുന്ന സംഘം മദ്യപിച്ച ബഹളം വെയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ബൈക്കിലിരുന്ന് സുരേഷ് ഇവരെ നോക്കിയെന്ന് ആരോപിച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്തിന് ഇങ്ങോട്ട് നോക്കിയെന്ന് ചോദിച്ചായിരുന്നു പ്രതികൾ സുരേഷിനെ മർദ്ദിച്ചത്. ഇതിനിടെ മർദ്ദനമേറ്റ് ഓടിപ്പോയ സുഹ്യത്ത് നാട്ടുക്കാരെ വിളിച്ച് കൊണ്ടു വരുമ്പോഴാണ് സുരേഷിനെ ബോധം പോയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

അടിവയറ്റില്‍ നിരന്തരം ചവിട്ടേറ്റതിനെ തുടര്‍ന്ന് മൂത്രം പോകാന്‍ സാധിക്കാത്തതുമൂലം ട്യൂബിലൂടെ ആണ് സുരേഷിന് മൂത്രം പോകുന്നത്. ശരീരം മുഴുവന്‍ കൊടിയ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ആന്തിരക അവയവങ്ങള്‍ക്കും പരിക്കുകള്‍ ഉണ്ട്. പ്രതികള്‍ എല്ലാവരും കണ്ടാല്‍ അറിയുന്നവരും പ്രദേശവാസികളുമാണ്. സംഭവത്തിൽ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ നാട്ടില്‍ സ്ഥിരമായി മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More : ആദ്യം മെസേജ്, ലിങ്കിൽ ജോയിൻ ചെയ്തതും പണം കിട്ടി; പിന്നെ നടന്നത് വൻ ചതി, മലപ്പുറം സ്വദേശികൾ തട്ടിയത് ലക്ഷങ്ങൾ