
കോഴിക്കോട്: നവകേരള സദസ് പ്രഭാത യോഗത്തിലെ പൗരപ്രമുഖരായ 50 പേരിൽ ഒരാളായതിന്റെ സന്തോഷത്തിലാണ് അഞ്ച് വയസ്സുകാരി റെന ഫാത്തിമ. മുഖ്യമന്ത്രിയ്ക്ക് നൽകാനൊരു നിവേദനവും കൊണ്ടാണ് റെന യോഗത്തിനെത്തിയത്.
നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് റെന ഫാത്തിമ. മുക്കം നഗര സഭയുടെ 'നീന്തി വാ മക്കളെ' പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ. നീന്തലിൽ ഗുരുവായ വല്ല്യുമ്മ റംലയുമൊത്താണെത്തിയത്. മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനുള്ളത്, തന്നെപ്പോലെയുള്ള കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്നാണ്.
മൂന്നാമത്തെ വയസ്സിൽ പുഴയിൽ നീന്തുന്ന റെന നാട്ടിലെ കുട്ടികൾക്കെല്ലാം നീന്തൽ പഠിക്കാൻ നല്ല മാതൃകയായി. മുങ്ങിമരണങ്ങൾ കൂടുതലുള്ളിടത്ത് നീന്തൽ പ്രചാരകയായി തിളങ്ങിയത് പരിഗണിച്ചാണ് റെനയ്ക്ക് ക്ഷണം. യോഗം കഴിഞ്ഞപ്പോൾ റെനയ്ക്കൊരാഗ്രഹം എല്ലാവരും പറഞ്ഞ് കേൾക്കുന്ന നവകേരള ബസൊന്ന് കാണണം. മന്ത്രിമാർക്കൊപ്പം അതും കയറിക്കണ്ടാണ് വീട്ടിലേക്ക് മടക്കം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam