
എറണാകുളം: ലൈഫ് പദ്ധതിയിൽ ഒരു വീടിനായി അഞ്ച് വർഷമായി കാത്തിരിപ്പിലാണ് കാലടിയിലെ കാഴ്ചാ പരിമിതിയുള്ള ദമ്പതികളായ രാജനും, രമയും. പട്ടികജാതി വിഭാഗത്തിൽ പെട്ട ഭൂരഹിതരായ ദമ്പതികൾക്ക് 2018ൽ കാലടി പഞ്ചായത്ത് തൊട്ടടുത്ത കൂവപ്പടി പഞ്ചായത്തിൽ ഭൂമി വാങ്ങി നൽകിയെങ്കിലും, വീട് കെട്ടാൻ പണം അനുവദിക്കാതെ രണ്ട് പഞ്ചായത്തുകളും കൈയ്യൊഴിഞ്ഞു.പുറമ്പോക്കിൽ ഷെഡ് കെട്ടി കഴിയുന്ന, സർക്കാറിന്‍റെ അതീവ ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ഈ ഗതികേട്.
2017-ലെ ലൈഫ് പദ്ധതി ഗുണഭോക്താവായ രാജന് 2018-ൽ തന്നെ അഞ്ച് സെന്‍റ് സ്ഥലം കിട്ടി. കൂവ്വപ്പടി പഞ്ചായത്തിലാണ് ഇരുവര്‍ക്കും സ്ഥലം അനുവദിച്ചത്. എന്നാൽ അത് കഴിഞ്ഞ് മൂന്ന് വര്‍ഷമാകുന്നു.കൂവപ്പടി പഞ്ചായത്ത് അധികൃതരോട് ചോദിക്കുമ്പോൾ, ഭൂമി വാങ്ങി നൽകിയ കാലടിയിൽ നിന്ന് ഫണ്ട് തരുമെന്നാണ് പറയുന്നത്. ഇവിടെ ചോദിക്കുമ്പോൾ അത് അവിടെ പാസാകണമെന്നും മറുപടി.
മഴ പെയ്താൽ ചോരുന്ന കൂരയിലാണ് താമസം. പാത്രം വച്ചും, സാധനങ്ങൾ മാറ്റിയും ദ്രവിച്ച ഷീറ്റിനടിയിലാണ് ദുരിത ജീവിതം. അതി ദാരിദ്ര്യ പട്ടികയിലുള്ള രാജനും കുടുംബവും മുൻഗണനാ ലിസ്റ്റിൽ പെട്ടവരായിട്ടും രക്ഷയില്ല. അഞ്ച് വര്‍ഷമായുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല. ജീവിതം എന്ന് പേരിട്ട പദ്ധതി രാജന്റെയും രമയുടെയും കാര്യത്തിൽ ഇതുവരെ ജീവൻ വച്ചില്ലെന്ന് ചുരുക്കം.
Read more: വയനാട് പോക്സോ കേസ്: എഎസ്ഐയുടെ അറസ്റ്റ് വൈകുന്നു, നടപടിക്ക് ഡിജിപിക്ക് കുട്ടിയുടെ അച്ഛന്റെ കത്ത്
ലോട്ടറി വിൽപ്പനക്കാരനായ രാജന്റെ ചെറു വരുമാനത്തിലാണ് കുടുംബത്തിന്റെ ജീവിതം. കാണുന്നവരോടെല്ലാം തന്റെ ദുരിതം രാജൻ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ കേൾക്കേണ്ടവര്‍ ആരും അത് ഇതുവരെ കേട്ടില്ല. ഭാഗ്യം വിൽക്കുമ്പോൾ, ബാക്കി വരുന്നവയിലെങ്കിലും ഭാഗ്യം തുണച്ചെങ്കിലെന്ന് നെടുവീര്‍പ്പിട്ട് പറയും രാജൻ. അങ്ങനെയെങ്കിലും ആരെയും നോക്കാതെ കിടക്കാനൊരിടം ഉണ്ടാക്കാമല്ലോ എന്നും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam