
മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കള്‍ വയനാട് പൊലീസിന്റെ പിടിയിലായി. വടകര മെന്‍മുണ്ട കണ്ടിയില്‍ വീട്ടില്‍ സല്‍മാന്‍ (36), വടകര അമ്പലപറമ്പത്ത് വീട്ടില്‍ ആസിഫ് (24), വടകര വില്യാപ്പള്ളി പുറത്തൂട്ടയില്‍ വീട്ടില്‍ റസാക്ക് (38), വടകര മെന്‍മുണ്ട ചെട്ടിയാംവീട്ടില്‍ മുഹമ്മദ് ഫാസില്‍ (30), താമരശ്ശേരി പുറാക്കല്‍ വീട്ടില്‍ അപ്പു എന്ന മുഹമ്മദ് എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡും മാനന്തവാടി പൊലീസും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്.
വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസിന്‍റെ ഓപ്പറേഷന്‍. 3,15,11900 രൂപയാണ് കാറിന്റെ രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെ കാറില്‍ പണവുമായി വ്യാഴാഴ്ച (20-ാം തീയ്യതി) പുലര്‍ച്ചെയും ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ സൂത്രധാരനായ സല്‍മാന്‍ ഇയാളുടെ സുഹൃത്ത് മുഹമ്മദ് എന്നിവരെ പിന്നീടും പൊലീസ് പിടികൂടുകയായിരുന്നു. 20 -ാം തീയ്യതി പുലര്‍ച്ചെ ചെറ്റപാലത്ത് വെച്ച് നടത്തിയ ഓപ്പറേഷനിലാണ് പണവുമായി യുവാക്കള്‍ വലയിലായത്. നിരോധിത മയക്കുമരുന്നുകള്‍ കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസുകാരും പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ KL-18-AG-4957 ഹ്യൂണ്ടായി ക്രെറ്റ കാര്‍ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്യാം നാഥിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും പൊലീസും നടത്തിയ വിശദമായ പരിശോധനയില്‍ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിനും പാസഞ്ചര്‍ സീറ്റിനും അടിയിലായി നിര്‍മിച്ച പ്രത്യേക അറയില്‍ നിന്നാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവെച്ച നിലയിലായിരുന്നു രഹസ്യ അറയില്‍ ഉണ്ടായിരുന്നത്.
കസ്റ്റംസും പൊലീസും കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യ സൂത്രധാരനായ സല്‍മാന്റെ പങ്ക് വ്യക്തമാവുന്നത്. സല്‍മാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബെംഗളുരുവിലെ കെ ആര്‍ നഗറില്‍ നിന്ന് പണം ലഭിക്കുന്നത്. പണം കടത്തിയ യുവാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സല്‍മാന്റെ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് മാനന്തവാടി കോടതിയുടെ പരിസരത്ത് നിന്ന് ഇയാളെ KL-18N5666 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാര്‍ സഹിതം കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദിനെയും പിടികൂടി. പണവും പ്രതികളെയും കസ്റ്റംസിന് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam