
കൊല്ലം : ചേരി നിര്‍മാർജനത്തിനായി കൊല്ലം കണ്ടോൺമെന്റിൽ പണിത ഫ്ലാറ്റ് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് കൊല്ലമായിട്ടും കൈമാറിയില്ല. ഇതോടെ 36 കുടുംബങ്ങളാണ് ഷെഡുകളിലും വാടക വീടുകളിലും കഴിയുന്നത്. ഫ്ലാറ്റിനായി കൊല്ലം നഗരസഭ കയറിയിറങ്ങുകയാണ് ഗുണഭോക്താക്കൾ.
രാജീവ് ആവാസ് യോജന പദ്ധതിയിലൂടെ 21 കോടി രൂപ മുടക്കിയാണ് കണ്ടോൺമെന്റിൽ കൊല്ലം നഗരസഭ ആറ് നില കെട്ടിടം പണിതത്. 250 സ്ക്വയർ ഫീറ്റുള്ള ഫ്ലാറ്റുകളായിരുന്നു ഇവ. 2015ൽ പണി തുടങ്ങി. 2019 നവംബറിൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാൽ ഫ്ലാറ്റിന്റെ ഗുണഭോക്താക്കളിൽ പലരും ഈ കെട്ടിടത്തിനടത്തുള്ള ഷെഡുകളിലും വാടക വീടുകളിലുമായി കഴിയുകയാണ്. ശുചിമുറി മാലിന്യം ശേഖരിക്കാനുള്ള ടാങ്ക് പോലും കെട്ടാതെയായിരുന്നു ഉദ്ഘാടന മാമാങ്കം. വയറിംഗ് പണിയെ ചൊല്ലി കോണ്‍ട്രാക്ടറുമായുണ്ടായ തര്‍ക്കങ്ങളും പ്രതിസന്ധിയുണ്ടാക്കി. ഫ്ലാറ്റ് കൈമാറ്റം വൈകുന്നതിന് പിന്നിൽ അഴിമതിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
കോണ്‍ട്രാക്ടറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്നും അടുത്ത മാര്‍ച്ചിനുള്ളിൽ ഫ്ലാറ്റുകൾ കൈമാറുമെന്നുമാണ് കോര്‍പ്പറേഷന്റെ വിശദീകരണം.ഇപ്പോൾ തരാം ഫ്ലാറ്റെന്ന് പല തവണ കേട്ട് പറ്റിക്കപ്പെട്ടതിനാൽ ഉപഭോക്താക്കളിൽ പലര്‍ക്കും പ്രതീക്ഷ നശിച്ച അവസ്ഥയാണ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam