Asianet News MalayalamAsianet News Malayalam

പ്രഖ്യാപനത്തിലൊതുങ്ങി ഫ്ലാറ്റ് പദ്ധതി; മാവൂരിൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം, ബാക്കിയുള്ളത് ശിലാഫലകം മാത്രം

മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ രണ്ട് വർഷം മുമ്പ് 2020 സെപ്റ്റംബർ 24നാണ് ലൈഫ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. എന്നാൽ ഒരു ശിലാഫലകം മാത്രമാണ് പദ്ധതിയുടേതായി ബാക്കിയുള്ളത്. ഉദ്ഘാടനം നടന്ന സ്റ്റേജിന്റെ അടിയിൽ വിശ്രമിക്കുകയാണ് ഇത്. 

Lifes Flat project stuck for two years  in Kozhikode
Author
First Published Nov 21, 2022, 8:58 AM IST

കോഴിക്കോട് : ഭൂരഹിതരായ ഭവന രഹിതർക്കുവേണ്ടി ലൈഫ് പദ്ധതി പ്രകാരം പ്രഖ്യാപിച്ച ഫ്ലാറ്റ് പദ്ധതി ഭൂരിഭാഗം ഇടങ്ങളിലും പ്രഖ്യാപനത്തിലൊതുങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പലയിടങ്ങളിലും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്നെങ്കിലും ശിലാഫലകങ്ങൾ മാത്രമാണ് പലയിടത്തും ബാക്കിയുള്ളത്. കോഴിക്കോട് മാവൂരിൽ സർക്കാർ പ്രഖ്യാപിച്ച ഫ്ലാറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച നിരവധി കുടുംബങ്ങൾ ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്.

മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ രണ്ട് വർഷം മുമ്പ് 2020 സെപ്റ്റംബർ 24നാണ് ലൈഫ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നടത്തി. പിടിഎ റഹിം എംഎൽഎ അധ്യക്ഷൻ ആയിരുന്നു. എന്നാൽ ഒരു ശിലാഫലകം മാത്രമാണ് പദ്ധതിയുടേതായി ബാക്കിയുള്ളത്. ഉദ്ഘാടനം നടന്ന സ്റ്റേജിന്റെ അടിയിൽ വിശ്രമിക്കുകയാണ് ഇത്. 

തിടുക്കപ്പെട്ട് നടന്ന ഉദ്ഘാടനത്തിൽ പഞ്ചായത്തിന് നഷ്ടം മാത്രമെന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് പറയുന്നത്. ഉദ്ഘാടന ചടങ്ങിന്റെയും ശിലാഫലകം തയ്യാറാക്കിയതിന്റെയും പ്രദേശത്തിന്റെ എസ്റ്റിമേറ്റ് എടുക്കാൻ കാട് വെട്ടിയ വകയിലും പഞ്ചായത്തിന് നല്ലൊരു തുക ചിലവായി. എംഎൽഎ പറഞ്ഞാണ് ശിലാഫലകം തയ്യാറാക്കിയതെന്നും മുനീറത്ത് പറഞ്ഞു. 

എന്നാൽ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി എങ്ങനെ ശിലാഫലകത്തിൽ ഒതുങ്ങി എന്ന കാര്യത്തിൽ എംഎൽഎ പിടിഎ റഹീമിന് വലിയ ധാരണയില്ല. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമാണ് എംഎൽഎയ്ക്ക് ഉറപ്പുള്ളത്. കിടപ്പാടമില്ലാത്ത പാവങ്ങൾക്ക് ഒന്നര ഏക്കർ ഭൂമിയിൽ ഫ്ലാറ്റ് കെട്ടി നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ പദ്ധതി പ്രഖ്യാപിച്ച സ്ഥലം കാട് മൂടി കിടക്കുകയാണ്. കുടുംബങ്ങൾ ആകട്ടെ ദുരിത ജീവിത തുടരുകയും ചെയ്യുന്നു. സർക്കാരിന്റെ മുൻ​ഗണനാപദ്ധതി എന്ന രീതിയിൽ പ്രാധാന്യമോ പരി​ഗണനയോ കിട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 
 

Follow Us:
Download App:
  • android
  • ios