പ്രളയം തകർത്ത് താറാവ് വിപണി; ആലപ്പുഴയിലെ കര്‍ഷകരുടെ പ്രതീക്ഷ ഇനി ഈസ്റ്റർ

By Web TeamFirst Published Feb 17, 2019, 4:50 PM IST
Highlights

ആലപ്പുഴയില്‍ പ്രളയവും തുടർന്നുണ്ടായ രോഗബാധയും തകർത്ത താറാവ് വിപണിയുടെ എല്ലാ പ്രതീക്ഷയും വരാനിരിക്കുന്ന ഈസ്റ്റർ ആഘോഷത്തിൽ. 

ആലപ്പുഴ: ആലപ്പുഴയില്‍ പ്രളയവും തുടർന്നുണ്ടായ രോഗബാധയും തകർത്ത താറാവ് വിപണിയുടെ എല്ലാ പ്രതീക്ഷയും വരാനിരിക്കുന്ന ഈസ്റ്റർ ആഘോഷത്തിൽ. ഈസ്റ്ററിന് രണ്ടുമാസം മാത്രം ശേഷിക്കെ കർഷകർക്ക് കാര്യങ്ങൾ അത്ര അനുകൂലവുമല്ല. താറാവുകളെ തീറ്റിക്കാൻ ഇടമില്ലാത്തതതും രോഗപ്രതിരോധത്തിനുള്ള വാക്സിൻ ലഭിക്കാത്തതുമാണ് കർഷകരെ ആശങ്കയിലാക്കുന്നത്.

ആലപ്പുഴയിലെ ആഘോഷനാളുകളിൽ തീൻമേശയിലെ പ്രധാനവിഭവങ്ങളിലൊന്നാണ് താറാവ്. സീസണുകളിൽ ലഭിക്കുന്ന വില്‍പനയാണ് താറാവ് കർഷകരെ പ്രധാമായും നിലനിറുത്തുന്നത്. ക്രിസ്മസ്, ഈസ്റ്റർ എന്നിവ തന്നെ നല്ല വരുമാനം ലഭിക്കുന്ന ആഘോഷദിവസങ്ങൾ. എന്നാൽ ഇത്തവണ ക്രിസ്മസിന് വലിയ മെച്ചം ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഈസ്റ്റർ വിപണിയും കൂടി കൈവിട്ട് പോയാൽ താറാവ് കർഷകകർ കൂടുതൽ ദുരിതത്തിലാകും.

കുട്ടനാടൻ താറാവുകൾ വിപണിയിലുണ്ടെങ്കിലും ഇതിനു ഭീഷണിയായി ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും താറാവ് എത്തുന്നുണ്ട്. മിക്കസ്ഥലങ്ങളിലും ഇപ്പോൾ കിട്ടുന്നത് ഇത്തരം വരവ് താറാവുകളാണ്. പ്രളയത്തിൽ നിന്ന് ഒന്നു കരകയറി വരുന്നതിനിടയിൽ രോഗം പിടിപെട്ട് താറാവുകൾ കൂട്ടത്തോടെ ചത്തുപോയതും കർഷകരുടെ നഷ്ടം വർദ്ധിപ്പിച്ചു. പള്ളിപ്പാട്, തകഴി, ചെന്നിത്തല ഹാച്ചറികളിലും പ്രളയം വലിയ കെടുതികൾ ഉണ്ടാക്കിയത് കർഷകരെ ബാധിച്ചിട്ടുണ്ട്. താറാവ് കുഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞു.

പ്രളയത്തിൽ താറാവുകൾ നശിച്ച കർഷകർക്ക് കിട്ടിയ നഷ്ടപരിഹാരമാകട്ടെ പേരിനു മാത്രവും. അയ്യായിരം രൂപയാണ് ഒരു കർഷകന് നഷ്ടപരിഹാരമായി ലഭിച്ചത്. അയ്യായിരം താറാവു വരെ നഷ്ടമായവർക്കും ലഭിച്ചത് ഇത്രയും തുക മാത്രമെന്ന് കർഷകർ പറയുന്നു.

മറ്റ് മേഖലകളിലെ കർഷകരെ പ്രത്യേകം പരിഗണിക്കുന്ന സർക്കാർ തങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നാണ് താറാവ് കർഷകരുടെ ആവശ്യം. ജനിച്ചത് കേരളത്തിലെങ്കിലും തീറ്റ തമിഴ്നാട്ടിലെന്ന ഗതികേടിലാണ് താറാവുകൾ ഇപ്പോൾ. കൃഷിക്കാലമായതോടെ കുട്ടനാടൻ പാടശേഖരങ്ങളിൽ താറാവുകളെ തീറ്റിക്കാൻ ഇടമില്ലാതായതോടെയാണ് കർഷകർ തമിഴ്നാടിനെ ആശ്രയിച്ചത്. ഇപ്പോൾ മുപ്പത് ദിവസം തമിഴ്നാട്ടിൽ കൊണ്ടുപോയി തീറ്റ കൊടുത്ത് കൊണ്ടുവന്നാൽ ഈസ്റ്റർ എത്തുമ്പോഴേക്കും താറാവുകൾ കരുത്തരാകുമെന്ന് കർഷകർ പറയുന്നു.

കുട്ടനാട്ടിലെ കൊയ്ത്തുകാലം കഴിഞ്ഞേ താറാവുകളെ തിരികെ എത്തിക്കുകയുള്ളൂ. താറാവുകളെ തമിഴ്നാട്ടിലേക്ക് എത്തിക്കണമെങ്കിൽ വണ്ടിച്ചെലവ് മാത്രം പതിനയ്യായിരം രൂപവരും. എല്ലാം ചെലവും കൂട്ടുമ്പോൾ ലക്ഷങ്ങളുടെ കണക്കിലെത്തും. ഇത്രയും ചെലവാക്കി കഴിയുമ്പോൾ താറാവ് ഒന്നിന് 175 രൂപയാണ് കർഷകന് ഇടനിലക്കാർ നൽകുന്നത്.താറാവ് കുഞ്ഞുങ്ങൾക്ക് 28 ദിവസം പ്രായമാകുമ്പോൾ എടുക്കേണ്ട വാക്സിൻ കിട്ടാതെ കർഷകർ നെട്ടോട്ടത്തിലാണ്. മാർച്ചോടെയേ ജില്ലയിൽ വാക്സിൻ ലഭ്യമാവുകയുള്ളൂവെന്നാണറിയുന്നത്. പ്ലേഗ്,പാസർലോ എന്നീ വാക്സിനുകൾ മാത്രമേ കർഷകർക്ക് സൗജന്യമായി ലഭിക്കുകയുള്ളൂ. മറ്റ് വാക്സിനുകൾ കർഷകർ പണം മുടക്കി വാങ്ങണം.പ്രളയം കഴിഞ്ഞ് മതിയായ ഒരു ആനുകൂല്യവും ലഭിക്കാത്തവരാണ് താറാവ് കർഷകർ.

പ്രളയത്തിൽ 6000 താറാവ് നഷ്ടമായിടത്ത് ലഭിച്ചത് 5000 രൂപ.  ഒരു ദിവസത്തെ തീറ്റക്ക് പോലും ഇത് തികയില്ല. ജില്ലയിൽ തീറ്റയും മരുന്നുമില്ലാത്തതിനാൽ നഷ്ടം സഹിച്ചും താറാവ് കുഞ്ഞുങ്ങളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി വളർത്തുകയാണ്. അടുത്തിടെ താറാവുകൾക്ക് രോഗം പിടിപെട്ടപ്പോൾ നാല് ലക്ഷം രൂപ മരുന്നിന് മാത്രം കർഷകർക്ക് ചെലവായി. തിരുവല്ല മന്നാടി പക്ഷി ഗവേഷണ സങ്കേതത്തിലായിരുന്നു ചികിത്സ തേടിയതെന്ന് താറാവ് കർഷകൻ രാമൻ പറഞ്ഞു.

click me!