സുല്‍ത്താന്‍ ബത്തേരിയിലെ ഫ്ലവർ സിറ്റി പദ്ധതി പാളി; ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കുന്നു

By Web TeamFirst Published Dec 29, 2019, 4:35 PM IST
Highlights

പദ്ധതി നടപ്പിലാക്കി മാസങ്ങള്‍ക്കുള്ളില്‍ തന്നെ നഗരം ഭംഗിയുള്ള പൂക്കളാല്‍ നിറഞ്ഞത് വേറിട്ട കാഴ്ചയായിരുന്നു. നടപ്പാതയോട് ചേര്‍ന്ന് സ്ഥാപിച്ച ചെടികളെ പരിപാലിക്കേണ്ട ചുമതല സമീപമുള്ള വിവിധ സ്ഥാപനങ്ങള്‍ക്കായിരുന്നു. 

കല്‍പ്പറ്റ: ലക്ഷങ്ങള്‍ മുടക്കി ഒരുക്കിയ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഫ്ലവർ സിറ്റി പദ്ധതി പാളുന്നു. നഗരത്തിലെ നടപ്പാതകളുടെ കൈവരികളില്‍ സ്ഥാപിച്ച ചട്ടികളില്‍ വളര്‍ത്തിയ പൂച്ചെടികള്‍ പലതും കരിഞ്ഞുണങ്ങി. 'വൃത്തിയുള്ള നഗരം, ഭംഗിയുള്ള നഗരം' എന്ന ലക്ഷ്യത്തോടെ 2018 ലാണ് പദ്ധതി ആരംഭിച്ചത്.

പദ്ധതി നടപ്പിലാക്കി മാസങ്ങള്‍ക്കുള്ളില്‍ തന്നെ നഗരം ഭംഗിയുള്ള പൂക്കളാല്‍ നിറഞ്ഞത് വേറിട്ട കാഴ്ചയായിരുന്നു. നടപ്പാതയോട് ചേര്‍ന്ന് സ്ഥാപിച്ച ചെടികളെ പരിപാലിക്കേണ്ട ചുമതല സമീപമുള്ള വിവിധ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ പദ്ധതി നടപ്പായി ഒരു വര്‍ഷം തികയാനിരിക്കെ ചെടികളെ വേണ്ട വിധത്തില്‍ പരിപാലിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നഗരത്തിലെ മറ്റു പൊതു ഇടങ്ങളില്‍ പൂമരങ്ങള്‍ വച്ച് പിടിപ്പിച്ചതിന്റെ തുടര്‍ച്ചയായിരുന്നു പൂച്ചെട്ടികള്‍ സ്ഥാപിക്കുക എന്ന പദ്ധതി. 

അന്ന് ചുമതല ഏറ്റെടുത്ത സ്വാശ്രയ സംഘം ഇക്കാര്യം ഭംഗിയായി ചെയ്‌തെങ്കിലും ചെടികള്‍ വേണ്ട വിധത്തില്‍ പരിപാലിക്കപ്പെടുന്നില്ലെന്ന് നഗരത്തിലുള്ളവര്‍ പറയുന്നു. ചെടികൾ സാമൂഹികദ്രോഹികൾ നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. നഗരാതിര്‍ത്തികളായ കൊളഗപ്പാറയിലും മൂലങ്കാവിലും ഫ്ലവർ സിറ്റി എന്ന സ്വാഗത കമാനങ്ങള്‍ നിര്‍മിക്കാനും ആലോചനയുണ്ടായിരുന്നെങ്കിലും ഇത് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.


 

click me!