നക്ഷത്രച്ചെടികൾ കൊണ്ട് വനം, പഴശേഖരവും വളര്‍ത്തുമൃഗങ്ങളുമടക്കം ഏറെയുണ്ട് വസന്തോത്സവത്തില്‍

By Web TeamFirst Published Dec 31, 2019, 5:32 PM IST
Highlights

തലസ്ഥാനത്ത് കനകക്കുന്നില്‍ ആരംഭിച്ച ഫ്ലവര്‍ ഷോയില്‍ മനംമയക്കുന്ന  പൂക്കാഴ്ചകളാണ്  ഒരുക്കയിരിക്കുന്നത്. 

തിരുവവന്തപുരം: തലസ്ഥാനത്ത് കനകക്കുന്നില്‍ ആരംഭിച്ച ഫ്ലവര്‍ ഷോയില്‍ മനംമയക്കുന്ന  പൂക്കാഴ്ചകളാണ്  ഒരുക്കയിരിക്കുന്നത്. നക്ഷത്ര ചെടികള്‍ കെണ്ടുണ്ടാക്കിയ വനവും പഴശേഖരവും വളര്‍ത്തു മൃഗങ്ങളും ഷോയുടെ ഭാഗമായുണ്ട്.

നക്ഷത്രച്ചെടികൾ കൊണ്ട് വനം

നക്ഷത്രമരങ്ങളെക്കുറിച്ച് കേട്ടുപരിചയം മാത്രമുള്ളവർക്ക് അത് നേരിൽ കാണാൻ അവസരമൊരുക്കുകയാണ്. വസന്തോത്സവം പുഷ്പമേളയുടെ ഭാഗമായി പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഫർമകോഗ്‌നോസി യൂണിറ്റ് സജ്ജമാക്കിയിരിക്കുന്ന ഔഷധ സസ്യോദ്യാനത്തിലാണ് നക്ഷത്രച്ചെടികൾ കൊണ്ടുള്ള നക്ഷത്രവനം ഒരുക്കിയിരിക്കുന്നത്. അശ്വതി നക്ഷത്രത്തിന് കാഞ്ഞിരവും ഭരണിനക്ഷത്രത്തിന്  നെല്ലിയും ഉത്രാടം നക്ഷത്രത്തിന് പ്ലാവും തുടങ്ങി ജ്യോതിഷശാസ്ത്ര പ്രകാരം 27 നക്ഷത്രങ്ങൾക്കായി 27 ഇനം മരങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നതായാണു വിശ്വാസം. ഓരോ ജന്മ നക്ഷത്രത്തിനും അനുയോജ്യമായ മരങ്ങൾ ഏതൊക്കെയെന്ന് ആസ്വാദകർക്കു പരിചയപ്പെടുത്തിക്കൊടുക്കുക്കാൻ കഴിയുന്ന രീതിയിലാണു നക്ഷത്രമരങ്ങളുടെ പ്രദർശനം. അതാതു നക്ഷത്രക്കാർ യോജിച്ച വൃക്ഷതൈകൾ വീട്ടുവളപ്പിൽ നട്ടു പിടിപ്പിച്ചു പരിപാലിക്കുന്നതിനനുസരിച്ച് സമ്പൽസമൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം.

മധുരിക്കും ഈ വസന്തോത്സവം

വൈവിധ്യമാർന്ന പഴവർഗ്ഗ ശേഖരവുമായി വസന്തോത്സവത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്. ഗണപതി നാരകം, ഓറഞ്ച്, വിവിധ ആകൃതിയിലുള്ള സപ്പോട്ട, പാഷൻ ഫ്രൂട്ട്, അരിനെല്ലി, മധുരനെല്ലി, ലൗ ലൗവി, ആഫ്രിക്കൻ കാഷ്യൂ നട്ട്, മൊസാമ്പി, മഡഗാസ്‌കർ ചെറി, മഹ്‌ക്കോട്ട ദേവ അങ്ങിനെ പഴ വർഗ്ഗങ്ങളുടെ നിര നീളുന്നു. നോനിപ്പഴം, മിൽക്ക് ഫ്രൂട്ട്, ആകാശ വെള്ളരി, മിറാക്കിൾ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് എന്നിവയാണ് മറ്റു പഴവർഗ ഇനങ്ങൾ. ആയുർവേദ - സിദ്ധ- യുനാനി മരുന്നുകളുടെ പ്രധാന ചേരുവയാണ് നോനിപ്പഴം. ഇവയുടെ വേരുമുതൽ കായ വരെ ഔഷധഗുണമുണ്ട്. സപ്പോട്ട ഇനത്തിൽപ്പെട്ടവനാണ് മിൽക്ക് ഫ്രൂട്ട്, പഴമായും പച്ചക്കറിയായും ഉപയോഗിക്കാമെന്നതാണ് ആകാശ വെള്ളരിയുടെ പ്രത്യേകത. ഇങ്ങനെ കേട്ടുകേൾവി മാത്രമുള്ള നിരവധി പഴവർഗങ്ങളെ വസന്തോത്സവത്തിലെ കൃഷിവകുപ്പ് സ്റ്റാളിൽ നേരിൽകാണാം. ജനുവരി മൂന്നുവരെയാണ് പുഷ്പമേള.

വസന്തോത്സവത്തിലെ ഓമനമൃഗങ്ങൾ

വസന്തോത്സവം പുഷ്പമേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വളർത്തുമൃഗങ്ങളുടെ പ്രദർശനം കൗതുകമാകുന്നു. മുയൽ, ഗിനിപന്നി, അംഗോറ, ഫാൻടെയിൽ പ്രാവുകൾ, രണ്ടുമാസം പ്രായമായ പോമറേനിയൻ- ജെർമൻ ഷെപ്പേർഡ് പട്ടിക്കുഞ്ഞുകൾ എന്നിങ്ങനെ ഓമനത്തം തുളുമ്പുന്ന കുഞ്ഞൻമാരെ ലാളിക്കാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ തിർക്കുകൂട്ടുകയാണ്. വീട്ടുമുറ്റം മനോഹരമായ ലാൻഡ് സ്‌കേപ് ചെയ്തു ഭംഗിയുറ്റതാക്കാൻ പ്രചോദനം നൽകുന്ന ആർട്ടിസ്റ്റിക് ഡിസ്‌പ്ലേ വിഭാഗത്തിലാണ് ഓമനമൃഗങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പലതരം അലങ്കാര ചെടികളുടെ പ്രദർശനവും ഇവിടെയുണ്ട്. ആവശ്യക്കാർക്ക് ഓർഡറനുസരിച്ച് വളർത്തുമൃഗങ്ങൾ, ചെടികൾ എന്നിവ എത്തിച്ചുകൊടുക്കാനും സൗകര്യമുണ്ട്.

click me!