വിഴിഞ്ഞത്തെ സ്കൂളിലെ ഭക്ഷ്യവിഷബാധ; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം, സാമ്പിളുകൾ ശേഖരിച്ചു

Published : Jun 05, 2022, 12:39 PM ISTUpdated : Jun 05, 2022, 12:56 PM IST
വിഴിഞ്ഞത്തെ സ്കൂളിലെ ഭക്ഷ്യവിഷബാധ; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം, സാമ്പിളുകൾ ശേഖരിച്ചു

Synopsis

26  കുട്ടികൾക്ക് ഛർദിയും വയറിളക്കവും വന്നതിനു പിന്നാലെ ഇന്നലെ അഞ്ച് കുട്ടികളെ കൂടി  വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ 26  കുട്ടികൾക്ക് ഛർദിയും വയറിളക്കവും വന്നതിനു പിന്നാലെ ഇന്നലെ അഞ്ച് കുട്ടികളെ കൂടി  വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ സ്കൂളിലെ സ്റ്റോർ പൂട്ടി സീൽ ചെയ്തു. അരി, പാചകത്തിനുപയോഗിക്കുന്ന മസാലകൾ ഉൾപ്പെടെയുളള വിവിധതരം പൊടികളുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. 

ഭക്ഷ്യ സുരക്ഷാ വിഭാഗം കോവളം സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ സി.വി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ചയാണ് വെങ്ങാനൂർ ഉച്ചക്കട എൽ.എം.എൽ.പി.സ്‌കൂളീലെ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും പനിയുമടക്കമുളള ശാരീരീക അസ്വാസ്ഥ്യങ്ങൾ ഉണ്ടായത്. വിവിധ ആശുപത്രികളിൽ  പ്രവേശിപ്പിച്ച കുട്ടികൾ  ചികിത്സയ്ക്കു ശേഷം  വീടുകളിലേക്ക് മടങ്ങി. സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെ ഛർദിയും വയറിളക്കവുമായതോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്ക് അയച്ച് ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

 ജൂൺ ഒന്നിന് സ്കൂൾ തുറന്നതോടെ നിരവധി ഇടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കായംകുളത്തും കൊട്ടാരക്കരയിലുമായി സ്കൂളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധ ഉണ്ടായി. കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ ഇരുപതോളം കുട്ടികൾക്ക് ശനിയാഴ്ച ഭക്ഷ്യ വിഷബാധയേറ്റിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ്  ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് രാവിലെ വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. 

അതേസമയം കായംകുളം ടൗൺ ഗവ സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പിനായിട്ടില്ല.. അധ്യാപകർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ ഉച്ച ഭക്ഷണം കഴിച്ചപ്പോൾ 15 പേർക്ക് മാത്രമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തതക്കായി വയറിളക്കം ബാധിച്ച 4 കുട്ടികളുടെ മലം പരിശോധനക്കായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചു. ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധ ഉണ്ടായോ എന്ന് പരിശോധിക്കാനാണിത്. 

കൊട്ടാരക്കരയിലെ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ

കൊട്ടാരക്കരയിൽ ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് അങ്കണവാടി വിദ്യാർത്ഥികളെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളെയാണ് ആശുപത്രിയിലാക്കിയത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കളെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രക്ഷിതാക്കളും നഗരസഭ ഉദ്യോഗസ്ഥരും അങ്കണവാടിയിലെത്തി നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസെത്തി. കൊട്ടാക്കര നഗരസഭ ചെയര്‍മാന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്