
മലപ്പുറം: വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍റെ പരിശോധന. വെളിയങ്കോട് പുഴക്കരയിലെ വിവാഹ വീട്ടില്‍ നിന്ന് തലേന്ന് രാത്രിയില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടര വയസ് മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. ശനിയാഴ്ച രാത്രി വിവാഹ വീട്ടിലുണ്ടാക്കിയ ബിരിയാണിയാണ് ഓഡിറ്റോറിയത്തില്‍ എത്തിച്ച് വിളമ്പിയത്. ചൊവ്വാഴ്ച മുതല്‍ ഭക്ഷണം കഴിച്ച പല വീടുകളിലെ കുട്ടികള്‍ക്ക് വയറിളക്കവും പനിയും പിടിപെട്ടിരുന്നു.
തലേന്ന് വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളിലായിരുന്നു അസ്വസ്ഥതകള്‍ ആദ്യം കണ്ടത്. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ഷീജ സുരേഷിന്‍റെ രണ്ട് കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പ്രദേശത്തെ എണ്‍പതോളം വീടുകളില്‍ പരിശോധന നടത്തി. ബിരിയാണിയില്‍ നിന്നാണോ അതോ വെള്ളത്തില്‍ നിന്നാണോ വിഷബാധ ഏറ്റത് എന്നറിയാന്‍ പ്രദേശത്ത് നിന്നും ശേഖരിച്ച വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബി പറഞ്ഞു.
Read More: 'പുസ്തകങ്ങളുടെ മണം അലർജി, ഹോംവര്‍ക്ക് ചെയ്യാന്‍ പറ്റില്ല'; വൈറലായി കുറുമ്പന്‍റെ അസുഖം
രണ്ട് കിലോ കഞ്ചാവുമായി കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി പിടിയിൽ
തിരുവനന്തപുരം: രണ്ട് കിലോ കഞ്ചാവുമായി കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ അജീഷിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട കള്ളിക്കാട് മുകുന്തറ പള്ളിവേട്ട സെവന്ത്ഡേ ചർച്ചിന് മുൻവശം തടഞ്ഞരികത്തു അരുൺ ഭവനിൽ അരുൺകുമാർ (30) ആണ് അറസ്റ്റിലായത്. പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്ത് ഇന്നലെ നടത്തിയ പെട്രോളിംഗിനിടെ പ്രവാച്ചമ്പലം ജംഗ്ഷന് സമീപത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്നും ഇയാൾ സഞ്ചരിച്ച KLC 3609 എന്ന ബജാജ് പൾസർ ബൈക്കും ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവും ഒരു മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായും എക്സൈസ് സംഘം അറിയിച്ചു. റേഞ്ച് ഇൻസ്പെക്ടർ അജീഷിന്‍റെ നേതൃത്വത്തിൽ പ്രീവന്‍റീവ് ഓഫീസർമാരായ ലോറൻസ്, വിപിൻ സാം സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അനീഷ് , പ്രസന്നൻ, രഞ്ജിത്ത് ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam