അന്വേഷണത്തിൽ, ജനൽ കമ്പികൾ അകത്തുനിന്നും മുറിച്ചതാണെന്നും മറ്റ് തെളിവുകളും കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ തന്നെ കള്ളനാണെന്ന് തെളിഞ്ഞത്. പ്രതി കുറ്റം സമ്മതിക്കുകയും ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തുകയും ചെയ്തു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബന്ധുവിനെ കേസിൽ കുടുക്കാൻ കവർച്ചാ നാടകം നടത്തി യുവാവ്. അളിയനെ മോഷ്ടാവാക്കാൻ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച വീട്ടുടമസ്തൻ മനോജിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന വീട് സന്ദർശിച്ച പൊലീസിന് തോന്നിയ സംശയങ്ങളാണ് നാടകം പൊളിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മോഷണം നടന്നു എന്നാണ് മനോജ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്. ഏഴു പവൻ സ്വർണവും 15,000 രൂപയും നഷ്ടപ്പെട്ടതായാണ് വീട്ടുടമസ്ഥനായ മനോജ് പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് വെങ്ങാനൂർ ഉള്ള മനോജിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
എന്നാൽ മോഷണം നടന്ന സ്ഥലം പരിശോധിച്ച പോലീസിന് ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടു. ജനൽ കമ്പി മുറിച്ചാണ് മോഷണം നടത്തിയത്. പക്ഷേ ജനൽ കമ്പി മുറിച്ചിരിക്കുന്നത് അകത്തു നിന്നാണെന്ന് പൊലീസിന് പരിശോധനയിൽ മനസ്സിലായി. ഇതോടെ പൊലീസ് മനോജിനെ സംശയിച്ചു തുടങ്ങി. തുടർന്ന് മനോജിനെ ചോദ്യം ചെയ്തതോടെ മോഷണ നാടകത്തിന്റെ ചുരുളുകൾ അഴിഞ്ഞു. താൻ തന്നെയാണ് വീട്ടിൽ നിന്നും സ്വർണവും പണവും എടുത്തു മാറ്റിയതെന്ന് മനോജ് പൊലീസിനു മുന്നിൽ സമ്മതിച്ചു. വീട്ടിൽ നിന്നും മറ്റാരുമറിയാതെ കുറച്ചു സ്വർണം മനോജ് എടുത്ത് പണയം വെച്ചുവെന്നും അത് മറ്റാരും അറിയാതിരിക്കാൻ വേണ്ടിയാണ് മോഷണം നടത്തിയത് എന്നുമാണ് മനോജ് ആദ്യം പൊലീസിനോട് പറഞ്ഞത്.
എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ തന്റെ അളിയനെ കേസിൽ കുടുക്കാൻ വേണ്ടിയാണ് താൻ മോഷണം നാടകം നടത്തിയതെന്ന് മനോജ് പൊലീസിനോട് പറഞ്ഞു. അളിയനും മനോജും ഒരു വീട്ടിൽ തന്നെയാണ് താമസം. ഇരുവരും തമ്മിൽ ഉള്ള കുടുംബ തർക്കമാണ് അളിയനെ കേസിൽ കുരുക്കാൻ മനോജിനെ പ്രേരിപ്പിച്ചത്. കൂടാതെ ജനൽ കമ്പികൾ മുറിക്കുന്നതിനിടെ മനോജിന്റെ കൈക്ക് പരിക്കുപറ്റിയതായും പോലീസ് കണ്ടെത്തി. കുറ്റം സമ്മതിച്ച മനോജിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.


