
മലപ്പുറം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. തിരൂരിലും പൊന്നാനിയിലുമാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ ദിവസം തിരൂർ, മംഗലം, നരിപ്പറമ്പ് എന്നിവിടങ്ങളിൽ പരിശോധന നടന്നിരുന്നു. തിരൂരിൽനിന്ന് പഴകിയ 25 കിലോ തളയൻ മത്സ്യം പിടികൂടി.
മംഗലം, നരിപ്പറമ്പ് എന്നിവിടങ്ങളിൽ പരിശോൻ നടത്തിയെങ്കിലും പഴകിയ മത്സ്യം കണ്ടെത്താനായില്ല. വ്യാഴാഴ്ച പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ എ.ടി.കെ ഫിഷ് ഹബിൽ നടത്തിയ പരിശോധനയിൽ പഴക്കംചെന്ന 10 കിലോ അയലക്കണ്ണിയും 14 കിലോ ചൂരയും പിടികൂടി. ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
വൃത്തിയില്ലാതെയും ശരീരത്തിന് ഹാനികരമാകുന്ന തരത്തിലും ആഹാരസാധനങ്ങൾ സൂക്ഷിച്ച തിരൂരിലെ ഒരു തട്ടുകട പൂട്ടിച്ചു. തട്ടുകട ഉടമക്കെതിരെയും കാലാവധി കഴിഞ്ഞ ഉൽപന്നം പിടികൂടിയ പൊന്നാനി തൃക്കാവിലെ ജനത ബേക്കറിയുടെ ഉടമക്കെതിരെയും കേസെടുത്തു. ഭക്ഷ്യസുരക്ഷ ഓഫീസർ എം.എൻ. ഷംസിയയുടെ നേതൃത്വത്തിൽ ജീവനക്കാരായ ഷിജോ, ജഷി, ഗിരിജ, ലിജി എന്നിവരാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam