
തിരുവനന്തപുരം: സ്വിമ്മിങ് പൂളിൽ കുളിക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ ആറ്റുപുറത്തെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. യുവതിയുടെ പരാതിയിയ കരുനാഗപ്പള്ളി തഴവ സ്വദേശി അഭിരാമിനെയാണ് (23) പൊഴിയൂർ പൊലീസ് പിടികൂടിയത്. റിസോർട്ടിലെ പൂളിന് സമീപം മൊബൈൽ ഫോൺ വച്ച് യുവതി കുളിക്കുന്ന ദൃശ്യം ഇയാൾ പകർത്തിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ആറ്റുപുറത്ത് റിസോർട്ടിൽ എത്തിയ യുവതി രാത്രിയോടെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കുളിച്ചശേഷം മുറിയിലേക്ക് മടങ്ങിയപ്പോഴാണ് പൂളിന് സമീപത്തായി ഒരു മൊബൈൽ ഫോൺ വെച്ചിരിക്കുന്നത് കണ്ടത്. മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് മോഡിലായിരുന്നു. തുടർന്ന് യുവതി റിസോർട്ട് മാനേജരോട് വിവരം പറഞ്ഞു. പിന്നാലെ പൊഴിയൂർ പൊലീസിലും പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിസോർട്ട് ജീവനക്കാരനെ അറസ്റ്റ് പൊഴിയൂർ പാലീസ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജീവനക്കാരന്‍റെ മൊബൈൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാൾ ഇതേ രീതിയിൽ വീഡിയോ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.