തലയിൽ തേങ്ങ വീണതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഉൾപ്പെടെ റോഡിന്റെ വശത്ത് താഴ്ചയിലേക്ക് മറിഞ്ഞു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

കൊച്ചി: കൂത്താട്ടുകുളത്ത് ബൈക്ക് ഓടിക്കുന്നതിനിടെ യുവാവിന്‍റെ തലയിൽ തേങ്ങ വീണു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു. പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്. 

പാലക്കുഴയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സോഫിയ കവലയിൽ വെച്ചാണ് തലയിൽ തേങ്ങ വീണത്. തലയിൽ തേങ്ങ വീണതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഉൾപ്പെടെ റോഡിന്റെ വശത്ത് താഴ്ചയിലേക്ക് മറിഞ്ഞു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. 

സുധീഷ് പാലക്കുഴയിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. വർക്ക് ഷോപ്പ് ജോലിക്കുള്ള പോളിഷിംഗ് സാധനങ്ങൾ എടുക്കാൻ കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പിതാവ്: സോമശേഖരൻ. മാതാവ്: രമണി, ഭാര്യ: സൂര്യ, മക്കൾ: ശ്രീദേവ്, ശ്രീഹരി (കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ വിദ്യാർഥികൾ). സഹോദരി: സുധർമ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം.

അതിനിടെ തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകട‌ത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമൽ ( 21 ), അഖിൽ ( 19 ) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടു പേരും തൽക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.