
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം ചേർത്ത പാൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണുള്ളത്. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്.
അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. KL 31 L 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. പന്തളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവർ വിശദമാക്കിയത്. നേരത്തെ സാംപിൾ വൈകി ശേഖരിച്ചു പരിശോധിച്ചതിനാൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമോയെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി സംശയം പ്രകടിപ്പിച്ചിരുന്നു.
പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷീര വികസന വകുപ്പ് ആര്യങ്കാവ് ചെക്പോസ്റ്റിൽ വച്ച് തമിഴ്നാട്ടിൽ നിന്നും വന്ന ലോറി പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ അധികാരമില്ലാത്തതിനാൽ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിനെ അറിയിച്ചു. എന്നാൽ ഇവരെത്തിയത് രാവിലെ ഒൻപതരയോടെയാണ്. അതായത് ലോറി പിടികൂടി നാല് മണിക്കൂറിന് ശേഷം. ഇതിന് ശേഷമാണ് സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കാൻ കഴിഞ്ഞത്. പാലിന്റെ കട്ടിയും കൊഴുപ്പും വര്‍ധിപ്പിക്കാനും കേടുകൂടാതെ കൂടുതൽ സമയം സൂക്ഷിക്കാനുമാണ് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam