'പടയപ്പ'യ്ക്ക് പ്രായമായി; നിരീക്ഷിക്കാന്‍ വനം വകുപ്പ് തീരുമാനം

By Web TeamFirst Published Nov 9, 2022, 10:44 AM IST
Highlights

പടയപ്പയെന്ന് വിളിക്കുന്ന കാട്ടുകൊമ്പൻ മൂന്നാർ നിവാസികൾക്ക് സുപരിചിതനാണ്. പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ ഇറങ്ങുന്ന ഈ കാട്ടുകൊമ്പൻ സാധാരണ ആളുകളെ ഉപദ്രവിക്കാറില്ല. 

മൂന്നാർ:  പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനെ നിരീക്ഷിക്കാൻ വനം വകുപ്പിന്‍റെ തീരുമാനം. പൊതുവേ ശാന്തനായ പടയപ്പ കഴിഞ്ഞ ദിവസങ്ങളിൽ അക്രമാസക്താനായതിനെ തുടർന്നാണ് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി എക്കോ പോയിന്‍റിന് സമീപം റോഡിലിറങ്ങിയ പടയപ്പ ഏറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഇത്തരം സമയങ്ങളില്‍ റോഡിൽ നിൽക്കുന്ന ആനയെ വാഹനങ്ങളിലൂടെ അടുത്ത് ചെന്ന് പ്രകോപിപ്പിക്കുന്നത് ശരിയല്ലെന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടി. 

പടയപ്പയെന്ന് വിളിക്കുന്ന കാട്ടുകൊമ്പൻ മൂന്നാർ നിവാസികൾക്ക് സുപരിചിതനാണ്. പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ ഇറങ്ങുന്ന ഈ കാട്ടുകൊമ്പൻ സാധാരണ ആളുകളെ ഉപദ്രവിക്കാറില്ല. ഒന്നര വർഷമായി ഉൾക്കാട്ടിലായിരുന്ന പടയപ്പ രണ്ടാഴ്ച്ച മുമ്പാണ് മാട്ടുപ്പെട്ടി മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് ശേഷമാണ് മാട്ടുപ്പെട്ടി, എക്കോ പോയിന്‍റ്, പാലാർ എന്നിവിടങ്ങളിൽ ഇറങ്ങി ഒട്ടേറെ കടകൾ തകർത്തതും പട്ടാപ്പകൽ നടുറോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയതും. ഇതിനെ തുടർന്നാണ് കാട്ടുകൊമ്പനെ നിരീക്ഷിക്കാൻ വനം വകുപ്പ് തീരുമാനമെടുത്തത്. 

വന്യജീവികള്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുമ്പോള്‍ അവയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ അവയുടെ സമീപത്ത് പോകുന്നത് നല്ല പ്രവണതയല്ലെന്ന് ഡിഫിഷണൻ ഫോറസ്റ്റ് ഓഫിസർ രാജു കെ ഫ്രാൻസിസ് പറഞ്ഞു. പടയപ്പ അക്രമകാരിയായോ എന്ന കാര്യം വിശദമായി നിരീക്ഷിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. പടയപ്പയ്ക്ക് 60 വയസ് കുണുമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. പ്രായാധിക്യം മൂലമുള്ള വിഷമതകൾ പടയപ്പക്ക് ഉള്ളതായും സൂചനയുണ്ട്. 

 

കുടുതല്‍ വായനയ്ക്ക്:  വിവാഹ ശേഷവും രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; മുദ്രപത്രത്തില്‍ കരാറെഴുതി വധു! 

 

click me!