'കാടിന്റെ വന്യതയുടെ നടുവിൽ അന്തിയുറങ്ങാം'; പാമ്പാടും ചോലയിൽ മനോഹര താവളമൊരുക്കി വനംവകുപ്പ്

By Web TeamFirst Published Mar 5, 2020, 12:40 PM IST
Highlights

ജൈവ വൈവിധ്യത്തിന്റെ കലവറയായ കാട്ടിലൂടെ ട്രക്കിംഗും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് കാടിന്റെ നടുവില്‍ അന്തിയുറങ്ങാന്‍ ഇവിടേയ്ക്ക് എത്തുന്നത്. 

ഇടുക്കി: വന്യതയുടെ നടുവില്‍ കാടിന്റെ നടുവില്‍ സുരക്ഷിതമായി തങ്ങുന്നതിന് താവളമൊരുക്കി വനംവകുപ്പ്. മൂന്നാര്‍ വൈല്‍ഡ് ലൈഫിന്റെ കീഴിലുള്ള പാമ്പാടും ചോല നാഷണല്‍ പാര്‍ക്കിലാണ് സഞ്ചാരികള്‍ക്ക് കാടിനെ അടുത്തറിഞ്ഞ് താമസിക്കുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. മഞ്ഞും തണുപ്പും നിറഞ്ഞ വന്യതയുടെ മനോഹാരിത അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിക്കുന്നതിന് പാമ്പാടും ചോലയിലേയ്ക്ക് എത്തിയാല്‍ മതി. പ്രകൃതിയുടെ തനിമ നിലനിര്‍ത്തി ആധുനിക സൗകര്യങ്ങളടക്കമാണ് ഇവിടെ വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. 

മൂന്നാര്‍ വട്ടവട റൂട്ടില്‍ ടോപ് സ്റ്റേഷന് സമീപത്തുള്ള ചെക്ക് പോസ്റ്റില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ബെയിസ് ക്യാമ്പിലെത്താം. ഇവിടെ നിന്നും വനംവകുപ്പിന്റെ വാഹനത്തില്‍ മലമുകളിലുള്ള ഹട്ടില്‍ സഞ്ചാരികളെ എത്തിക്കും. വന്യതയും സാഹസിക സഞ്ചാരവും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ് ഇവിടേയ്ക്കുള്ള യാത്ര പകര്‍ന്ന് നല്‍കുന്നത്. 

ഇവിടെ നിന്ന് ജൈവ വൈവിധ്യത്തിന്റെ കലവറയായ കാട്ടിലൂടെ ട്രക്കിംഗും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് കാടിന്റെ നടുവില്‍ അന്തിയുറങ്ങാന്‍ ഇവിടേയ്ക്ക് എത്തുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ രണ്ട് ഹട്ടുകളാണ് നിലവില്‍ ഇവിടെയുള്ളത്. കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ആനയും കാട്ടുപോത്തും അടക്കമുള്ള വന്യമൃഗങ്ങളേയും ഇവിടെ നേരില്‍ കാണാന്‍ കഴിയും.

click me!