
ചിന്നക്കനാൽ: കാട്ടാന ആക്രമണത്തിൽ നിന്നും ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിലുള്ളവരെ രക്ഷിക്കാൻ വീണ്ടുമൊരു മയക്കുവെടി ദൗത്യത്തിനുള്ള തയ്യാറെടുപ്പിൽ വനംവകുപ്പ്. ചക്കക്കൊമ്പൻ,മുറിവാലൻ എന്നീ ആനകളെ പിടികൂടാനുള്ള നടപടികളാണ് വനംവകുപ്പ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ മൂന്നു പേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് ആക്രമണ കാരികളായ ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായത്. ജനങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ ഗത്യന്തരമില്ലാതെയാണ് വനംവകുപ്പ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്.
ആറളത്ത് ഭീതി വിതച്ച് വിലസുന്ന മോഴയാനയെ പിടികൂടിയ ശേഷം വയനാട്ടിൽ നിന്നും കുങ്കിയാനകളെ എത്തിച്ച് ദൗത്യം നടത്തും. ആദ്യഘട്ടമായി ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വെറ്റിനറി ഡോക്ടർ അടങ്ങിയ ഏഴംഗം സംഘത്തെ നിരീക്ഷണത്തിനായി നിയോഗിക്കും. ചക്കക്കൊമ്പനെ ആയിരിക്കും ആദ്യം പിടികൂടുക. സുരക്ഷിതമായി മയക്കുവെടി വയ്ക്കാൻ പറ്റുന്ന നിരപ്പായ സ്ഥലം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ആന സ്ഥിരമായി എത്തുന്ന് സ്ഥലത്തൊക്കെ പരിശോധന നടത്തും. ഇതിന് ഒരു മാസത്തോളം സമയം വേണ്ടി വരും. ഇതോടൊപ്പം മയക്കുവെടി വയ്ക്കേണ്ട ആവശ്യകതയും പദ്ധതിയുമടക്കമുള്ള റിപ്പോർട്ട് മൂന്നാർ ഡിഎഫ്ഒ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് മുഖേന ചീഫ് വൈൽഡ് ലൈഫ് വാർഡനു സമർപ്പിക്കും. ഇതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചാൽ മാത്രമേ മയക്കു വെടി വെക്കാനാകൂ.
ചക്കക്കൊമ്പൻ മൂലം നാലു പേരുടെയും മുറിവാലൻ മൂലം മൂന്നു പേരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പിൻറെ കണക്ക്. ആനയെ പിടികൂടിയ ശേഷം കുങ്കിയാനകളാക്കുകയോ മറ്റു കാട്ടിലേക്ക് മാറ്റുകയോ ചെയ്യാനാണ് വനംവകുപ്പിൻറെ ആലോചന. അരിക്കൊമ്പൻ വിഷയത്തിലുണ്ടായതു പോലെ ഇതിനെതിരെയും മൃഗസ്നേഹികൾ കോടതിയെ സമീപിക്കുന്നത് നേരിടാനും വനംവകുപ്പ് നീക്കങ്ങൾ നടത്തുന്നുണ്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam