ഏഴാമത് കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരം എൻ ബാദുഷയ്ക്ക്. പരിസ്ഥിതി സംരക്ഷണത്തിൽ അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. ലഭിച്ച നാമനിർദേശങ്ങളിൽ ഭൂരിഭാഗവും ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ നിന്നുള്ളവയായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ ഓർമയ്ക്കായി ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഏർപ്പെടുത്തിയ ഏഴാമത് പരിസ്ഥിതി പുരസ്കാരത്തിന് വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും പ്രശംസാഫലകവും അടങ്ങിയതാണ് പുരസ്കാരം.
ലഭിച്ച നാമനിർദേശങ്ങളിൽ ഭൂരിഭാഗവും ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ നിന്നുള്ളവയായിരുന്നുവെന്ന് ജൂറി വിലയിരുത്തി. എന്നാൽ, സർക്കാർ സംവിധാനങ്ങളുടെയോ ഔദ്യോഗിക സൗകര്യങ്ങളുടെയോ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിലും പരിപോഷണത്തിലും മാതൃകാപരമായി മുന്നിട്ടുനിൽക്കുന്ന നിസ്വാർത്ഥ പരിസ്ഥിതി പ്രവർത്തകരെയാണ് ഈ വർഷത്തെ പുരസ്കാരത്തിനായി പരിഗണിച്ചത്. ഈ പ്രവർത്തനമികവ് കണക്കിലെടുത്താണ് 2026-ലെ പുരസ്കാര ജേതാവായി എൻ. ബാദുഷയെ ഏകകണ്ഠമായി തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ഡോ. എഫ്. ജോർജ് ഡിക്രൂസ്, അംഗങ്ങളായ ഡോ. സുഹറാബീവി, ഡോ. മധുസൂദനൻ പിള്ള, ഒ. വി. ഉഷ എന്നിവർ പ്രഖ്യാപിച്ചു.
വയനാടിന്റെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാൻ പതിറ്റാണ്ടുകളായി പ്രക്ഷോഭ രംഗത്തുള്ള വ്യക്തിയാണ് എൻ. ബാദുഷ. 1976-ൽ ചന്ദനക്കൊള്ളയ്ക്കും ആനവേട്ടയ്ക്കും 22 ആദിവാസികൾ ഉൾപ്പെടെ കൊല്ലപ്പെട്ട സംഭവത്തിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. സംസ്ഥാനത്തുടനീളം നടന്ന 'ക്ലിയർ ഫെല്ലിംഗി'നെതിരെയുള്ള ജനകീയ സമരം, ഉയർന്ന മലനിരകളിൽ അക്കേഷ്യയും യൂക്കാലിപ്റ്റസും നടുന്നതിനെതിരായ സമരവും അതിനെത്തുടർന്നുള്ള ജയിൽവാസവും, മാവൂർ ഗ്വാളിയോർ റയൺസിന് വേണ്ടി മുള മുറിക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്നിവ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിന് ഉദാഹരണങ്ങളാണ്.
ആദിവാസികൾക്കിടയിൽ പടർന്നുപിടിച്ച കുഷ്ഠരോഗവും ക്ഷയരോഗവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ആദിവാസികൾക്ക് പതിച്ചുനൽകാൻ ഉത്തരവായ സുഗന്ധഗിരിയിലെ 3,000 ഏക്കർ ഭൂമി മറ്റ് സ്ഥാപനങ്ങൾക്ക് നൽകുന്നതിനെതിരെയും, ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹയെ കരിങ്കൽ മാഫിയയിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി അദ്ദേഹം ശക്തമായ നിയമപോരാട്ടങ്ങൾ നടത്തി. വയനാട്ടിലെ അനധികൃത ക്വാറികൾക്കും നിയമവിരുദ്ധ ആനപിടുത്തത്തിനുമെതിരെ കോടതിയെ സമീപിച്ച ബാദുഷ, ബന്ദിപ്പൂർ ടൈഗർ റിസർവിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനായി കർണാടക ഹൈക്കോടതിയിലും പോരാടി. ഡോ. കമറുദ്ദീനും പങ്കാളിയായ, നെല്ലിയാമ്പതിയിലെ 4,800 ഏക്കർ കാലാവധി കഴിഞ്ഞ പാട്ടഭൂമി തിരിച്ചുപിടിപ്പിച്ച സമരത്തിലും അദ്ദേഹം സജീവമായിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിൽ ഒറ്റപ്പെട്ടുപോയ കർഷകരെ മാറ്റിപ്പാർപ്പിക്കാനുള്ള പോരാട്ടത്തിനൊടുവിൽ, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 14 ഗ്രാമങ്ങളിലെ 800 കർഷക കുടുംബങ്ങളെ വിജയകരമായി പുനരധിവസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിലവിൽ തുരങ്കപ്പാതയ്ക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തുകയും വയനാട്ടിലെ അനിയന്ത്രിത ടൂറിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്ന ബാദുഷ; കർഷകൻ, സംഘാടകൻ, ഹർജിക്കാരൻ, എഴുത്തുകാരൻ, പ്രസ്ഥാന നിർമാതാവ് എന്നീ നിലകളിലെല്ലാം മാതൃകാപരമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിലെ ആജീവനാന്ത സമർപ്പണത്തിന് 2012-ൽ സാങ്ച്വറി നേച്ചർ ഫൗണ്ടേഷന്റെ 'വൈൽഡ് ലൈഫ് സർവീസ് അവാർഡും', 2014-ൽ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരിൽ നിന്ന് കൂട് മാസികയുടെ ആദ്യ 'പ്രകൃതി മിത്ര അവാർഡും' അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2026 നവംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാര്യവട്ടം സിഎൽഐഎഫ്, സി.വി. രാമൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പുരസ്കാരം സമ്മാനിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.














