മലവെള്ളപ്പാച്ചിലിൽ വെള്ളിയാറിൽ ജീവൻകൊതിച്ച് കേഴമാൻ, രക്ഷകരായി ദ്രുത കർമ്മ സംഘം

By Web TeamFirst Published Oct 19, 2022, 9:24 PM IST
Highlights

പുല്ലും, ക്ഷീണം മാറാനുള്ള മരുന്നും നൽകി. അൽപനേരം നിരീക്ഷിച്ചു. ക്ഷീണം മാറിയെന്ന് ഉറപ്പാക്കിയ ശേഷം വനംവകുപ്പിന്‍റെ വാഹനത്തിൽ ശിരുവാണി ഉൾവനത്തിലേക്ക് കൊണ്ടുപോയി

പാലക്കാട്: അമ്പലപ്പാറ വെള്ളിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കേഴമാനിന് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ. പലതവണ കരയിലേക്ക് നീന്തിക്കയറാൻ ശ്രമിച്ച് പരാജയപ്പെട്ട കേഴമാനിനാണ് വനം വകുപ്പ് ദ്രുത കർമ്മ സംഘം രക്ഷകരായി എത്തിയത്.

സംഭവം ഇങ്ങനെ

മലവെള്ളപാച്ചിലിൽ എങ്ങനെയോ വെള്ളിയാർ പുഴയിൽ കുടുങ്ങിയ കോഴമാൻ കരയിലേക്ക് നീന്തിക്കയറാൻ ഒരുപാട് പരിശ്രമിച്ചെങ്കിലും നടന്നില്ല. പരിശ്രമങ്ങൾക്ക് പിന്നാലെ മാൻ ക്ഷീണിതനായി. ഇതു കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. മണ്ണാർക്കാട് നിന്ന് റാപ്പിഡ് റസ്പോൺസ് ടീം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ മാനിനെ വലയിലാക്കി കരക്കെത്തിച്ചു. പുല്ലും, ക്ഷീണം മാറാനുള്ള മരുന്നും നൽകി. അൽപനേരം നിരീക്ഷിച്ചു. ക്ഷീണം മാറിയെന്ന് ഉറപ്പാക്കിയ ശേഷം വനംവകുപ്പിന്‍റെ വാഹനത്തിൽ ശിരുവാണി ഉൾവനത്തിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസങ്ങളിലും മാനിനെ കണ്ടെത്തിയ സ്ഥലത്തും കൊണ്ടുപോയി വിട്ട സ്ഥലത്തും വനംവകുപ്പ് നിരീക്ഷണമുണ്ടാകും.

മൂന്നാം തവണയും വീട്ടുവളപ്പിൽ ഭീമൻ പെരുമ്പാമ്പ്, വീട്ടുകാർ ഭയപ്പാടിൽ; രക്ഷക്കെത്തി വനം വകുപ്പ്, ഒടുവിൽ!

അതേസമയം പാലക്കാട് വനം വകുപ്പിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത പോത്തുണ്ടിയിൽ വീട്ടുകാരെ ഭയപ്പാടിലാക്കി വീട്ടുവളപ്പിൽ കയറിക്കൂടിയ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി എന്നതാണ്. തിരുത്തമ്പാടം രാമചന്ദ്രന്‍റെ റബ്ബർ തോട്ടത്തിലാണ് എട്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പാമ്പിനെ കണ്ട് ഭയപ്പാടിലായ നാട്ടുകാരും വീട്ടുകാരും ചേർന്ന് വനം വകുപ്പിനെ കാര്യം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടാൻ ശ്രമം ആരംഭിച്ചു. ഏറെ നേരത്തെ ഇവരുടെ പരിശ്രമത്തിനൊടുവിൽ മരത്തിൽ കയറി കൂടിയ പെരുമ്പാമ്പിനെ പിടികൂടുകരയായിരുന്നു. പിടികൂടിയ ഈ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതി വനത്തിൽ വിട്ടു. രാമചന്ദ്രന്‍റെ വീട്ടിൽ നിന്ന് നേരത്തെ രണ്ടുതവണ ഇത്തരത്തിൽ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.

click me!