റിവാള്‍ഡോ' കൂട്ടിലായി; കൊമ്പനെ തളച്ചത് ചികിത്സ നല്‍കാന്‍

By Web TeamFirst Published May 7, 2021, 6:14 AM IST
Highlights

മയക്കുവെടിവെച്ച് ചികിത്സ നല്‍കിയിട്ടും മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്ന് ആനക്കൊട്ടിലില്‍ തളച്ച് സ്ഥിരമായി മരുന്ന് നല്‍കാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. 

കല്‍പ്പറ്റ: വയനാട്-തമിഴ്‌നാട് അതിര്‍ത്തിയിലെ മസിനഗുഡി, വാഴത്തോട്ടം പ്രദേശങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന റിവാള്‍ഡോ എന്ന കൊമ്പനെ വനംവകുപ്പ് പിടികൂടി. ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലാത്ത കൊമ്പന് നാട്ടുകാരില്‍ ആരോ നല്‍കിയ പേരായിരുന്നു റിവാള്‍ഡോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനയുടെ തുമ്പിക്കൈയില്‍ മുറിവേറ്റിരുന്നു. പ്രദേശത്തുള്ളവര്‍ ആരോ പന്നിപടക്കമെറിഞ്ഞ് ആനക്ക് പരിക്ക് പറ്റിയെന്നാണ് വനംവകുപ്പിന്റെ നിഗമനം. 

മയക്കുവെടിവെച്ച് ചികിത്സ നല്‍കിയിട്ടും മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്ന് ആനക്കൊട്ടിലില്‍ തളച്ച് സ്ഥിരമായി മരുന്ന് നല്‍കാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. ആന സ്ഥിരമായി എത്താറുള്ള വനപ്രദേശത്ത് കൊട്ടില്‍ ഒരുക്കി അതിനുള്ളില്‍ പഴങ്ങളും മറ്റും വെച്ച് ആനയെ ആകര്‍ഷിപ്പിച്ച് കെണിയിലാക്കുകയായിരുന്നു. സമാന ശ്രമം ഇതിന് മുമ്പും വനംവകുപ്പ് നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അന്ന് കൂടിന് അടുത്ത് വരെ എത്തിയ കൊമ്പന്‍ പിന്തിരിയുകയായിരുന്നു. മാധ്യമങ്ങളെയും നാട്ടുകാരെയുമൊന്നും അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു രണ്ടാമത്തെ ഓപ്പറേഷന്‍.  

മാസങ്ങള്‍ക്ക് മുമ്പ് മസിനഗുഡിയിലെ റിസോര്‍ട്ടിലെത്തിയ മറ്റൊരു ആനയെ ചിലര്‍ തീപന്തമെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. റൊണാള്‍ഡോ എന്നായിരുന്നു ഈ ആനയെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ടയര്‍ കത്തിച്ചെറിഞ്ഞ് ദേഹമാസകലം പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ആന ചരിഞ്ഞത്. ഈ സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് റിവാള്‍ഡോയെ പിടികൂടി ചികിത്സ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

റൊണാള്‍ഡോ കൊല്ലപ്പെട്ടതോടെ റിസോര്‍ട്ട് ഉടമയെയും സഹായിയെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല പ്രദേശത്തെ നിരവധി റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. റൊണാള്‍ഡോയെ പോലെ സമാന ദുരിതം പേറുകയാണ് റിവാള്‍ഡോയും. തുമ്പിക്കൈയിലുള്ള മുറിവ് കാരണം ഭക്ഷണം കഴിക്കാന്‍ പോലും കൊമ്പന്‍ ബുദ്ധമുട്ടുകയാണ്. അതിനാല്‍ ജനവാസ പ്രദേങ്ങളില്‍ ആളുകള്‍ നല്‍കുന്ന ഭക്ഷണത്തിന് കാത്തുനില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. മൃഗസ്‌നേഹികളുടെ നിരന്തര ആവശ്യം കൂടി കണക്കിലെടുത്താണ് കൊമ്പനെ കൂട്ടിലിട്ട് ഭക്ഷണവും ചികിത്സയും നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!