പടയപ്പയെ പ്രകോപിപ്പിച്ചതിന് കേസ്; വനം വകുപ്പിന്‍റെ വാഹനങ്ങള്‍ തടയുമെന്ന് സിപിഎം ഏരിയ സെക്രട്ടറി

By Web TeamFirst Published Jan 21, 2023, 3:08 PM IST
Highlights

കേസ് പിന്‍വലിച്ച് വാഹനം വിട്ടുനല്‍കണമെന്നും ഇല്ലെങ്കില്‍ ഫോറസ്റ്റ് വാഹനങ്ങള്‍ വഴിയില്‍ തടയുമെന്നും സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍ മൂന്നാറില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു.

മൂന്നാര്‍:  പടയപ്പയെ പ്രകോപിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചില്ലെങ്കില്‍ വനംവകുപ്പിന്‍റെ വാഹനങ്ങള്‍ റോഡില്‍ തടയുമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍. എസിഎഫ് അടക്കമുള്ള വനപാലകര്‍ പങ്കെടുത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഏരിയ സെക്രട്ടറി ഇങ്ങിനെ പറഞ്ഞത്. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം കടന്നുപോകുന്നതിനാണ് പടയപ്പയെന്ന കാട്ടാനയെ ജീപ്പ് ഡ്രൈവര്‍ ഹോണ്‍ മുഴക്കി തടഞ്ഞത്.  പകല്‍ നേരത്ത് റോഡിലേക്ക് ഇറങ്ങിയതിനാലാണ് ഡ്രൈവര്‍ ആനയെ തടഞ്ഞത്. എന്നാല്‍ ചില മാധ്യമങ്ങള്‍ അത് തെറ്റായി വ്യാഖ്യാനിച്ച് രംഗത്തെത്തിയതോടെ വനപാലകര്‍ കേസെടുത്തു. കേസ് പിന്‍വലിച്ച് വാഹനം വിട്ടുനല്‍കണമെന്നും ഇല്ലെങ്കില്‍ ഫോറസ്റ്റ് വാഹനങ്ങള്‍ വഴിയില്‍ തടയുമെന്നും സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍ മൂന്നാറില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ദേവികുളം എം എല്‍ എ അഡ്വ. എ രാജയുടെ നേത്യത്വത്തില്‍ കൂടിയ യോഗത്തില്‍ എ സി എഫ് ദേവികുളം സബ് കളക്ടര്‍ എന്നിവരുടെ സാനിധ്യത്തിലാണ് സെക്രട്ടറി ഇങ്ങിനെ പറഞ്ഞത്.

പടയപ്പയെ പ്രകോപിപ്പിച്ചതിന് മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍, കേസെടുത്തതിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടന്ന ദാസിനെ പിടികൂടാനായിട്ടില്ല. ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സംഘം മൂന്നാറിൽ പ്രവര്‍ത്തിക്കുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. 

കൂടുതല്‍ വായനയ്ക്ക്:  പടയപ്പയെ പ്രകോപിപ്പിച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി: കള്ളക്കേസെന്നും വാഹനം വിട്ടുനൽകണമെന്നും ഡിവൈഎഫ്ഐ
 

കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ പുറത്ത് വന്നിതിന് പിന്നാലെയായിരുന്നു വനം വകുപ്പ് കേസെടുത്തത്. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. രണ്ട് മാസം മുമ്പ് വരെ ആന കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയ കഴിഞ്ഞ നവംബർ ഏഴ് മുതല്‍ കാര്യം മാറി. പടയപ്പ  അക്രമകാരിയായി. അന്ന് തന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ്  വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം. 

മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ജനങ്ങള്‍ക്ക് ഏറെ പരിചിതനായ കാട്ടാനയാണ് പടയപ്പ. മൂന്നാറിന്‍റെ ജനവാസ കേന്ദ്രങ്ങളില്‍ പടയപ്പയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. രജനീകാന്ത് നായകനായ പടയപ്പ എന്ന സിനിമ ഇറങ്ങിയ സമയത്താണ് ആദ്യമായി പടയപ്പ കാടിറങ്ങിവരുന്നത്. അന്ന് കുട്ടിയാനയായിരുന്നു. ആ സിനിമയിലെ പാട്ടുകള്‍ക്കനുസരിച്ച് കുട്ടിയാന തലയാട്ടിത്തുടങ്ങിയതോടെയാണ് അവന് പടയപ്പയെന്ന് പേര് വീണത്.

കൂടുതല്‍ വായനയ്ക്ക്: പടയപ്പയും ചക്കക്കൊമ്പനും വേണ്ട; ആക്രമകാരികളായ ആനകളെ മൂന്നാറിൽ നിന്ന് നാടുകടത്താൻ തീരുമാനം‌
 

click me!