
മലപ്പുറം: വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി വഴിക്കടവ് സ്വദേശിയായ മുൻ പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്‌മാനാണ് (42) അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ പാക്കറ്റുകളിലാക്കി വിൽപനക്ക് തയാറാക്കുന്നതിനിടെയാണ് ഇയാളുടെ വീട്ടിൽ നിന്ന് എട്ടു കിലോ മാനിറച്ചി പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.
ഇറച്ചി മറ്റൊരാളിൽനിന്ന് വാങ്ങിയതാണെന്നാണ് മുജീബിന്റെ മൊഴി. ഫ്ളയിംഗ് സ്ക്വാഡ് കോഴിക്കോട് ഡി. എഫ്. ഒക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. മുജീബ് റഹ്‌മാൻ മ്പ് വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരനായിരുന്നു. പിടിക്കുന്ന പാമ്പുകളെ ദിവസങ്ങളോളം വീട്ടിൽ സൂക്ഷിക്കുകയും അപകടകരമായ രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തതിനാൽ ഇയാളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
നിലമ്പൂർ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി. ബിജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.പി. പ്രദീപ് കുമാർ, സി. അനിൽകുമാർ, പി. വിബിൻ, എൻ. സത്യരാജ്, നിലമ്പൂർ റിസർവ് ഫോഴ്‌സ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി. എസ്. അമൃതരാജ്, ആതിര കൃതിവാസൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam