
വെള്ളനാട്: റോഡിൽ കിടന്ന പെരുമ്പാമ്പിനെ വാഹനങ്ങൾ കയറാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് പാമ്പിന്റെ കടിയേറ്റു. മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരി സുധനെയാണ് പെരുമ്പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. റോഡിന് നടുവിൽ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വാഹനങ്ങൾ കയറി അപകടം സംഭവിക്കുന്നത് തടയാനാണ് ഹരി സുധൻ ശ്രമിച്ചത്. ഇതിനായി പാമ്പിനെ റോഡിന്റെ വശത്തേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ പെരുമ്പാമ്പ് ഹരി സുധൻ്റെ വലതു കൈയിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ ഹരി സുധനെ ഉടൻ തന്നെ ആര്യനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആർ.ആർ.ടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് സുരക്ഷിതമായി വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam