
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും ലഹരിയെത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് എക്സൈസ് പിടിയിൽ. തൃശൂർ സ്വദേശിയായ ഫഹാസ്(27) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും നാഗർകോവിൽ വഴി എത്തിയ ഇയാളെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷന് സമീപത്തുനിന്നും ആണ് എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും 40 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെത്തി.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്കായി തെരച്ചിൽ നടക്കുകയായിരുന്നുവെന്നാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ 60 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഹൈദരാബാദ് കോടതിയിലും എംഡിഎംഎ വിൽപ്പന നടത്തിയതിന് പൂവാർ പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. നേരത്തെ തൃശൂരിൽ ടാക്സി സർവീസ് നടത്തിയിരുന്നയാൾ പിന്നീട് ലഹരി മരുന്ന് വിൽപ്പനയിലേക്ക് കടക്കുകയായിരുന്നെന്ന് എക്സൈസ് വിശദമാക്കുന്നത്.
മറ്റൊരു സംഭവത്തിൽ 50 ലക്ഷം രൂപ വിലവരുന്ന ഹെറോയിനുമായി ലഹരി മരുന്ന് സിൻഡിക്കേറ്റിലെ പ്രധാനി ദില്ലിയിൽ പിടിയിൽ. ദില്ലിയിലെ പുസ്ത റോഡിലെ ശാസ്ത്രി പാർക്ക് ഫ്ലൈഓവറിന് സമീപത്ത് വച്ചാണ് ലഹരി സിൻഡിക്കേറ്റിലെ പ്രധാനി പിടിയിലായത്. ഏപ്രിൽ നാലിന് 315 ഗ്രാം ഹെറോയിൻ വിതരണക്കാരന് കൈമാറുന്നതിനിടയിൽ ഇമ്രാൻ എന്നയാൾ പിടിയിലായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ലഹരി സിൻഡിക്കേറ്റിലേക്കുള്ള വിവരം ലഭിച്ചത്. വ്യാഴാഴ്ചയാണ് ലഹരി സിൻഡിക്കേറ്റിലെ പ്രമുഖൻ സൂരജ് അറസ്റ്റിലായത്. അൻപത് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam