മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനുമായ ഡോ. ടി കെ രവീന്ദ്രന്‍ അന്തരിച്ചു

By Web TeamFirst Published Nov 6, 2018, 10:26 PM IST
Highlights

മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ള അദ്ദേഹത്തിന്‍റെ കവിത ബി.ബി.സി. പ്രക്ഷേപണം ചെയ്തിട്ടുണ്ട്.  ഇന്‍റര്‍നാഷണല്‍ പോയറ്റ് ഓഫ് മെറിറ്റ് അവാര്‍ഡ് ഉള്‍പ്പടെയുള്ള ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനുമായ ഡോ.ടി.കെ.രവീന്ദ്രന്‍ (86)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്ന്ന് ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. കോഴിക്കോട് പാറോപ്പടി ലാന്ഡ് മാര്‍ക്ക് വില്ലയില്‍ '15 ഇതിഹാസി' ലായിരുന്നു താമസം. 

കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല് മാനേജിങ് ഡയറക്ടറും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജന് ഇളയ സഹോദരനാണ്. 1987 മുതല്‍ 1992 വരെയാണ് ഡോ.ടി.കെ.രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വ കലാശാലാ വൈസ് ചാന്‍സലറായിരുന്നത്. 1993 മുതല്‍ 1996 വരെ സംസ്ഥാന പിന്നാക്ക സമുദായ കമ്മിഷന്‍ അംഗമായിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ള അദ്ദേഹത്തിന്‍റെ കവിത ബി.ബി.സി. പ്രക്ഷേപണം ചെയ്തിട്ടുണ്ട്.  ഇന്‍റര്‍നാഷണല്‍ പോയറ്റ് ഓഫ് മെറിറ്റ് അവാര്‍ഡ് ഉള്‍പ്പടെയുള്ള ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട്  എടമുട്ടം തണ്ടയം പറമ്പില്‍ കുഞ്ഞുകൃഷ്ണന്റെയും കാര്‍ത്യായനിയുടെയും നാലാമത്തെ മകനായി 1932 ഒക്ടോബര്‍ 15നാണ് രവീന്ദ്രന്‍ ജനിച്ചത്. 

ബോംബെ യൂണിവേഴ്സിറ്റിയിലെ വില്സണ്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ എം.എ.യും എല്ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്ന് പി.എച്ച്.ഡി.യും നേടി. ന്യൂ ലോ കോളേജില്‍ നിന്ന്  നിയമബിരുദവുമെടുത്തു. 1957 ല്‍ ബോംബെ നാഷണല്‍ കോളേജില്‍ ചരിത്രാധ്യാപകനായാണ് അധ്യാപകജീവിതം തുടങ്ങിയത്. കാലിക്കറ്റ് സര്‍വ്വ കലാശാല തുടങ്ങിയപ്പോള്‍ 1969 ല്‍ ചരിത്രവിഭാഗത്തില്‍ റീഡറായി.

അടുത്ത വര്‍ഷം കേരള സര്‍വ്വകലാശാലയിലെ  ചരിത്രവിഭാഗം പ്രൊഫസറായി.  മലയാളത്തിലും ഇംഗ്ലീഷിലുമായി മുപ്പതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാലക്കാട് കോങ്ങാട് ചോലയില്‍ കുടുംബാംഗമായ ചന്ദ്രലേഖയാണ് ഭാര്യ. മക്കള്‍: രാജീവ് (ബിസിനസ്, ആമ്പല്ലൂര്‍, തൃശ്ശൂര്‍), ബിജു (ബിസിനസ്, കോങ്ങാട്, പാലക്കാട്), പ്രീതി(കോഴിക്കോട്). മരുമക്കള്‍: ബിനി (ആമ്പല്ലൂര്‍, തൃശ്ശൂര്‍), കനക (വളാഞ്ചേരി), വിനോദ് (ബിസിനസ്, കോഴിക്കോട്). മറ്റുസഹോദരങ്ങള്‍: സാവിത്രി (ഫറോക്ക്), സതി (അയ്യന്തോള്‍), പരേതരായ ഗംഗാധരന്‍(വിമുക്തഭടന്‍), ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ. കോളേജ്, ചാലക്കുടി), സുരേന്ദ്രന്‍ (റിട്ട. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ്), സരോജിനി, സരസ്വതി. സംസ്കാരം ബുധനാഴ്ച  ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് കോങ്ങാട് ബംഗ്ലാകുന്നിലെ മകന്‍റെ വസതിയായ ‘ഇതിഹാസി’ൽ നടക്കും.

click me!