വ്യാജ ഫോൺ കോളിൽ വിശ്വസിച്ച വനിതാ ഡോക്ടറുടെ അക്കൌണ്ടിലുണ്ടായിരുന്ന6,38,21,864 രൂപ തട്ടിപ്പ് സംഘം ആർബിഐയുടേതെന്ന് പറഞ്ഞ് നൽകിയ അക്കൗണ്ടിലേക്ക് മാറ്റിക്കുകയും ചെയ്തു.
കൊച്ചി: കള്ളപ്പണ ഇടപാട് നടത്തിയെന്നും ഇതിനെ തുടർന്ന് ഡിജിറ്റൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ 6.38 കോടി രൂപ തട്ടിയെടുത്തതായി പരാതി. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഡിജിറ്റൽ അറസ്റ്റ് നടത്തിയത്. തട്ടിപ്പ് നടത്തിയതിനാൽ വനിതാ ഡോക്ടറുടെ അക്കൗണ്ടിലെ മുഴുവൻ തുകയും പരിശോധിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
വ്യാജ ഫോൺകോളിൽ വിശ്വസിച്ച വനിതാ ഡോക്ടറുടെ അക്കൌണ്ടിലുണ്ടായിരുന്ന പണം തട്ടിപ്പ് സംഘം ആർബിഐയുടേതെന്ന് പറഞ്ഞ് നൽകിയ അക്കൗണ്ടിലേക്ക് മാറ്റിക്കുകയും ചെയ്തു. ഒക്ടോബർ മൂന്ന് മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുമായി 6,38,21,864 രൂപയാണ് ഡോക്ടർ തട്ടിപ്പ് സംഘത്തിന് നൽകി. പണം തിരികെ ലഭിക്കാതായതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് ഡോക്ടർ മനസ്സിലാക്കുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


