ഭാര്യയുടെ പേരിലുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ 5000 കൈക്കൂലി, മുൻ വില്ലേജ് ഓഫീസർക്ക് 6 വർഷം തടവും 50,000 പിഴയും

Vishnu KV   | ANI
Published : Jan 12, 2026, 09:54 PM IST
Bribe

Synopsis

പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നൽകുന്നതിനാണ് വിളവൂർക്കൽ വില്ലേജ് ഓഫീസറായിരുന്ന അർഷാദ്.എച്ച്.എ 5,000 രൂപ കൈക്കൂലി വാങ്ങിയത്.

തിരുവനന്തപുരം: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 6 വർഷം കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും ബാലരാമപുരം സ്വദേശിയും റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദ് എച്ച്.എയെ ആണ് തിരുവനന്തപുരം വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 6 വർഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. തിരുവനന്തപുരം പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ വിളവൂർക്കൽ വില്ലേജ് പരിധിയിലുള്ള സ്ഥലത്തിന്റെ പോക്കുവരവ് ചെയ്ത് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

2012-ൽ ആണ് സംഭവം. പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ വിളവൂർക്കൽ വില്ലേജ് പരിധിയിൽ പിതാവ് ധനനിശ്ചയം ചെയ്ത് നൽകിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നൽകുന്നതിനാണ് വിളവൂർക്കൽ വില്ലേജ് ഓഫീസറായിരുന്ന അർഷാദ്.എച്ച്.എ 5,000 രൂപ കൈക്കൂലി വാങ്ങിയത്. ഇയാളെ ദക്ഷിണ മേഘല വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച കേസിലാണ് അർഷാദ്.എച്ച്.എ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായി ആകെ 6 വർഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് മനോജ്‌ എ ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. തിരുവനന്തപുരം വിജിലൻസ്‌ സതേൺ റേഞ്ച് മുൻ ഡി.വൈ.എസ്.പി ആർ. സുകേശനും വിജിലൻസ്‌ സതേൺ റേഞ്ച് പോലീസ് സൂപ്രണ്ട് ആർ.ജയശങ്കർ ഐപിഎസുമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ പൊതുകിണറിന്റെ ഇരുമ്പ് ഗ്രില്ലില്‍ 'സിപിഎം'; യുഡിഎഫിന്റെ പ്രതിഷേധം, പരാതി
കൊച്ചി പഴയ കൊച്ചിയായോ! റോഡ് സൈഡിൽ കുമിഞ്ഞ് കൂടി മാലിന്യം, സമൂഹമാധ്യമങ്ങളിൽ തമ്മിലടിച്ച് കൊച്ചിക്കാർ