
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപനക്കായി കൊണ്ടുവന്ന 23 ഗ്രാം ബ്രൗൺഷുഗറുമായി നാല്പത്തി മൂന്നുകാരൻ അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിക്കൽ കൊന്നാരിമൂല സ്വദേശി ഷൈജു എന്ന വേളാങ്കണ്ണി ഷൈജുവിനെ(43)യാണ് അറസ്റ്റ് ചെയ്തത്.
നാല് വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിരുന്ന ഷൈജു തിരിച്ചെത്തിയ ശേഷം ബ്രൗൺഷുഗർ പോലുള്ള വീര്യം കൂടിയ ലഹരിക്ക് അടിമയാകുകയായിരുന്നു. തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ വലിയ തുക സമ്പാദിക്കുന്നതിനായാണ് ഇയാൾ ബ്രൗൺഷുഗർ വിൽപനയിലേക്ക് കടന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എൻ.ഡി.പി .എസ് ആക്ട് പ്രകാരമുള്ള കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷൈജു.
കാസർഗോഡുള്ള ഏജന്റ് വഴി രാജസ്ഥാൻ സ്വദേശിയിൽ നിന്നും ബ്രൗൺഷുഗർ വാങ്ങി ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ചു വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് എത്തിച്ച ബ്രൗൺഷുഗറുമായി ഇടപാടുകാരെ കാത്തിരിക്കുമ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്.
റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് പോലുള്ള പൊതുസ്ഥലങ്ങളിൽ ഡൻസാഫ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ മഫ്തിയിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ഷൈജുവിനെ കണ്ട വിവരം ഡൻസാഫ് വഴി ലഭിച്ച ടൗൺ എസ് ഐ വാസുദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഒരു മാസത്തെ ഇടവേളയിൽ രണ്ടാം തവണയാണ് ടൗൺ പൊലീസും ഡൻസാഫും ചേർന്ന് ബ്രൗൺ ഷുഗർ പിടികൂടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam