
കോട്ടയം: കോട്ടയം വൈക്കത്ത് റേഷൻകടയിൽ നിന്നു ലഭിച്ച അരിയിൽ പുഴു കയറി എന്നാരോപിച്ച് സപ്ളൈകോ ഓഫിസിനു മുന്നിൽ ഗൃഹനാഥന്റെ പ്രതിഷേധം. പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിന് പിന്തുണയുമായെത്തി. താലൂക്കിലെ റേഷൻ കടകളിൽ വിതരണം ചെയ്യുന്ന അരിയെ കുറിച്ച് പരാതി വ്യാപകമായിട്ടും ഭക്ഷ്യ വകുപ്പ് നടപടി എടുക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. വൈക്കം ഉദയനാപുരം നേരേകടവ് വെള്ളാമ്പറത്ത് വി എസ് സന്തോഷാണ് പുഴു നിറഞ്ഞ അരിയുമായി സപ്ലൈ ഓഫീസിൽ പ്രതിഷേധത്തിന് വന്നത്.
നേരേകടവിലെ എട്ടാം നമ്പർ റേഷൻകടയിൽ നിന്ന് വാങ്ങിയ 20 കിലോ കുത്തരിയുമായിട്ടായിരുന്നു സമരം. കടയിൽ നിന്ന് താൻ വാങ്ങിയ അഞ്ചു കിലോ പച്ചരിയിലും പുഴുക്കളുണ്ടായിരുന്നെന്ന് സന്തോഷ് ആരോപിച്ചു. വൈക്കം താലൂക്കിലെ 43 റേഷൻ കടകളിൽ കേടായ അരി ലഭിച്ചിരുന്നു. അരി നൽകുന്ന രണ്ടു സ്വകാര്യ മില്ലുകൾ വിതരണം ചെയ്ത അരിയിലാണ് പുഴുക്കളുണ്ടായിരുന്നതെന്ന് ഭക്ഷ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കേടായ അരിക്ക് പകരം നല്ല അരി മാറ്റി നൽകാൻ നടപടി എടുത്തിട്ടുണ്ടെന്നും ഇതിനിടയിൽ റേഷൻ കടക്കാരിൽ ഒരാൾക്ക് അബദ്ധം പറ്റിയാണ് കേടായി അരി വിതരണം ചെയ്തതെന്നും താലൂക്ക് സ്പ്ളൈ ഓഫീസർ പ്രതികരിച്ചു. എന്നാൽ, രണ്ടു മാസമായി ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തിൽ പരാതി വ്യാപകമായിട്ടും സിവിൽ സപ്ലൈസ് മന്ത്രി ഇടപെട്ടിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam