
കോഴിക്കോട്: ടൂറിംഗ് ബുക്ക് സ്റ്റാള്‍ ഉടമയും പ്രമുഖ പ്രസാധകനുമായ എന്‍ ഇ ബാലകൃഷ്ണ മാരാര്‍ക്ക് വിട നൽകി നാട്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് മൂന്നിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
ഏഴു പതിറ്റാണ്ടു മുമ്പ് സൈക്കിളില്‍ പുസ്തകങ്ങള്‍ കെട്ടി വെച്ച് വായനക്കാരെ തേടി അലയുന്ന ഒരു പയ്യനില്‍ നിന്നും കേരളത്തിലെ ഏറ്റവും വലിയ പുസ്തക വില്‍പ്പന ശാലയുടെ ഉടമയും പ്രസാധകനുമായി മാറിയ പ്രതിഭ. അങ്ങനെ വിശേഷിപ്പിക്കാം ടി ബി എസ് ഉടമ എന്‍ ഇ ബാലകൃഷ്ണ മാരാരെ.
1932ല്‍ കണ്ണൂര്‍ കണ്ണവത്ത് കുഞ്ഞികൃഷ്ണ മാരാരുടേയും മാധവി വാരസ്യാരുടേയും മകനായി ജനനം. ഒന്നര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ദാരിദ്ര്യം മൂലം ആറാം ക്ലാസില്‍ അവസാനിച്ചതാണ് പഠനം. കോഴിക്കോട് നഗരത്തില്‍ പതിനാലാം വയസില്‍ പത്ര വിതരണക്കാരന്‍, തഞ്ചാവൂരിലെ ഹോട്ടലില്‍ സപ്ലയര്‍, ആയുര്‍ വേദ മരുന്ന് വില്‍പ്പന, വേഷങ്ങള്‍ പലതും കടന്നായിരുന്നു മഹാ പ്രതിഭയുടെ വളര്‍ച്ച.
നടന്നുള്ള പുസ്തക വില്‍പ്പനക്ക് തുടക്കമായത് അമ്മയുടെ കമ്മല്‍പണയം വെച്ച് കിട്ടിയ പണം കൊണ്ട് സൈക്കിള്‍ വാങ്ങിയ ശേഷം. 1957ലാണ് മിഠായിതെരുവില്‍ ടി ബി എസ് പബ്ലിക്കേഷന്‍ എന്ന സ്ഥാപനം തുടങ്ങി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് പൂര്‍ണ പബ്ലിക്കേഷന്‍സിന് തുടക്കമിട്ടു.
മികച്ച പബ്ലിഷര്‍ക്കുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് അവാര്ഡ്,അക്ഷര പ്രഭ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആത്മകഥയായ കണ്ണീരിന്‍റെ മാധുര്യം പല ഭാഷകളിലും പുറത്തിറങ്ങി. നവതികഴിഞ്ഞ് അടുത്ത ദിനം തന്നെ മരണം തേടിയെത്തിയെന്ന അപൂര്‍വ്വതയോടെയാണ് എന്‍ ഇ ബാലകൃഷ്ണമാരാരെന്ന അധ്യായം അവസാനിക്കുന്നത്.
'രൈക്വ ഋഷി' പുരസ്‌കാരം പരമ്പരാഗത നെൽ വിത്ത് സംരക്ഷന്‍ ചെറുവയൽ രാമന്
വധശിക്ഷക്ക് വിധിക്കപ്പെട്ട് 16 വർഷമായി ജയിലിൽ; റഹീം നിയമ സഹായ സമിതി പൊതുയോഗം ഇന്ന്