റിയാദിലെ മുഴുവൻ മലയാളി കൂട്ടായ്മകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മോചനത്തിന് ആവശ്യമായ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കാനാണ് യോഗം.

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി റഹീം മച്ചിലകത്തിന്റെ മോചനത്തിനായി രംഗത്തുള്ള റഹീം നിയമ സഹായസമിതിയുടെ വിശാല പൊതുയോഗം വെള്ളിയാഴ്ച രാത്രി എട്ടിന് ബത്ഹയിലെ അപ്പോളോ ഡിമോറയിൽ നടക്കും.

റിയാദിലെ മുഴുവൻ മലയാളി കൂട്ടായ്മകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മോചനത്തിന് ആവശ്യമായ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കാനാണ് യോഗം. എല്ലാ സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. സൗദി ബാലൻ മരിച്ച കേസിലാണ് റഹീമിനെതിരെ റിയാദ് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ ഒഴിവാക്കി മാപ്പ് കൊടുക്കാൻ മരിച്ച ബാലന്റെ കുടുംബം 33 കോടി രൂപ (ഒന്നര കോടി റിയാൽ) ആണ് ദിയധനമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പീൽ കോടതയിലുള്ള കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നുമാണ് കുടുംബത്തിെൻറ നിലപാട്. ഈ സാഹചര്യത്തിലാണ് മോചനശ്രമവുമായി പ്രവാസി സമൂഹം മുന്നോട്ട് വന്നിരിക്കുന്നത്.

Read More -  സൗദി അറേബ്യയില്‍ ഒരു തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചു

2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റിയാദ് ശിഫയിലെ വീട്ടിൽനിന്ന് അസീസിയിലെ പാണ്ട ഹൈപർ മാർക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിടുകയായിരുന്നു. ട്രാഫിക് സിഗ്നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയപ്പോൾ അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി. പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി. തുടർന്ന്​ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന്​ അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേർന്ന്​ ഒരു കഥയുണ്ടാക്കി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന്​ കഥ ചമയ്​ക്കുകയും നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്​തു.

Read More - സൗദി അറേബ്യയില്‍ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ ജീവികളുടെ ഫോസിലുകൾ കണ്ടെത്തി

പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ്​ ഉണ്ടായത്​. കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി. നസീർ 10 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് റിയാദിലെ അൽ-ഹൈർ ജയിലിലാണ്. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.