
തിരുവനന്തപുരം: മോഷണം പോയ ഇന്നോവ കാറുമായി നാല് പേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധങ്ങളും കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന നഗരൂർ വെള്ളല്ലൂർ സ്വദേശിയായ അർജുൻ, തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ അരുൺ, അബ്ദുള്ള വെട്ടുകാട് സ്വദേശി അനൂപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ദേഹപരിശോധന നടത്തിയപ്പോഴാണ് 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
കല്ലമ്പലത്ത് നിന്നും രണ്ടു മാസങ്ങൾക്ക് മുമ്പാണ് ഇന്നോവ കാർ മോഷണം പോയത്. വാഹനം കല്ലമ്പലം ഭാഗത്ത് ഉണ്ടെന്ന് വാഹന ഉടമയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് വിവിധ ഇടങ്ങളിൽ വാഹന പരിശോധന നടത്തുന്നതിനിടെ, വെയിലൂർ ഭാഗത്തു നിന്നും ഈ കാർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന പ്രതികളെ പിടികൂടിയ പൊലീസ്, വാഹനം പരിശോധിച്ചപ്പോൾ വെട്ടുകത്തിയും കഠാരയും കണ്ടെടുത്തു. പ്രതികളിൽ നിന്ന് എംഡിഎംഎയും കണ്ടെത്തിയതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.
കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു. വലിയതുറ, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുകളിൽ ഒന്നാം പ്രതിയായ അർജുനെതിരെ കേസുകളുണ്ട്. രണ്ടാം പ്രതിയായ അനൂപിനെതിരെ വലിയതുറ, കഠിനംകുളം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. മൂന്നാം പ്രതിയായ മാടൻ അരുൺ എന്നു വിളിക്കുന്ന അരുൺ വലിയതുറ സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളിൽ നിന്നും കണ്ടെത്തിയ എംഡിഎംഎയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam