മാന്നാറില്‍ പേവിഷ ബാധയേറ്റ് കന്നുകാലികള്‍ ചത്തു, ആശങ്കയോടെ കര്‍ഷകര്‍

By Web TeamFirst Published Apr 11, 2021, 9:13 AM IST
Highlights

പേ വിഷബാധയാണന്ന് സ്ഥിരീകരിച്ചതിനെതുടർന്ന്  പ്രദേശത്തെ ഇരുന്നൂറോളം വളർത്തുമൃഗങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

മാന്നാർ: ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പേവിഷ ബാധയേറ്റ് നാലു മൃഗങ്ങൾ ചത്തു. തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി മണ്ണത്തറയിൽ സുരേന്ദ്രന്റെ ഒരു എരുമയും കോട്ടപ്പുറത്ത് കെ. ഇ. മാത്യുവിന്റെ രണ്ടു പോത്തും തെക്കുംമുറി പാലക്കീഴിൽ ജയലക്ഷ്മിയുടെ ഒരു പശുവും ആണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. 

ചെന്നിത്തല സൗത്ത് ശാലേം പള്ളിക്ക് കിഴക്കുവശത്ത് പുരയിടത്തിൽ കെട്ടിയിരുന്ന എരുമയുടെ വായിൽനിന്ന് നുരയും പതയും വരുന്നതുകണ്ട് സുരേന്ദ്രൻ എരുമയെ വീട്ടിൽ എത്തിച്ച് ഡോക്ടറുടെ സഹായം തേടിയപ്പോഴേക്കും എരുമ ചത്തു. സമാന ലക്ഷണമാണ് ചത്ത മറ്റുവളർത്തു മൃഗങ്ങളിലും കാണപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു. ചത്ത മൃഗങ്ങളുടെ ആന്തരിക സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

പേ വിഷബാധയാണന്ന് സ്ഥിരീകരിച്ചതിനെതുടർന്ന് ഈ പ്രദേശത്തെ ഇരുന്നൂറോളം വളർത്തുമൃഗങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തതായി വെറ്ററിനറി സർജൻ ഡോ. പ്രിൻസ് മോൻ പറഞ്ഞു. പശു, പോത്ത്, എരുമ, ആട്, പട്ടി, പൂച്ച എന്നിവകൾക്കും പേവിഷ  പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുണ്ട്. കുളമ്പുരോഗവ്യാപനം അല്പം ശമിച്ചതിനു പുറകെയാണ് പുതിയരോഗം കണ്ടു തുടങ്ങിയത്. 

click me!