
കൊച്ചി: മഴക്കാലമെത്താൻ ഒന്നര മാസം മാത്രം ബാക്കിയുള്ളപ്പോൾ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പണികൾ കാര്യമായി തുടങ്ങിയിട്ടില്ല. നഗരസഭ മഴക്കാല പൂർവ കനാൽ വൃത്തിയാക്കൽ തുടങ്ങിെയങ്കിലും ജില്ലാ ഭരണകൂടത്തിൻറെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ ജോലികൾ നിലച്ചിരിക്കുകയാണ്.
മാനം കറുക്കുന്പോൾ തന്നെ കൊച്ചിക്കാരുടെ മനസ്സിലേക്കെത്തുന്നത് വെള്ളക്കെട്ടിന്‍റെ ദൃശ്യങ്ങളാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള പണികൾ മെയ് പതിനഞ്ചിനു മുൻപ് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഇത് മാറ്റി വയ്ക്കരുതെന്നും നിർദ്ദേശിച്ചു. ഇതനുസരിച്ച് നഗരസഭ എല്ലാ ഡിവിഷനുകളിലും തോടുകളും ചെറിയ കാനകളും വൃത്തിയാക്കിത്തുടങ്ങി.
എന്നാൽ പേരണ്ടൂർ, മുല്ലശ്ശേരി തുടങ്ങിയ വലിയ കനാലുകൾ വൃത്തിയാക്കാനുള്ള പണികൾ എങ്ങുമെത്തിയില്ല. പേരണ്ടൂർ കനാലിനായി 2000 കോടി രൂപയുടെ പദ്ധതി ഉടനെ തുടങ്ങുമെന്ന് കെഎംആർ എൽ അറിയിച്ചിരുന്നു. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്കു തടസ്സമില്ലാതെ എത്തിക്കാൻ കഴിഞ്ഞാലേ വെള്ളക്കെട്ടിന് പരിഹാരമാകുകയുള്ളൂ. ഇതിന് തേവര കായൽമുഖം, ചിലവന്നൂർ കായൽ, ചിലവന്നൂർ ബണ്ട് റോഡ്, കാരണക്കോടം തോട്, ഇടപ്പള്ളി തോട് തുടങ്ങിയവയിലെ തടസ്സങ്ങൾ നീക്കണം.ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് തിരക്കിലായതാണ് ഓപ്പറേഷൻ ബ്രേക് ത്രൂ തടസ്സപ്പെടാന്‍ കാരണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
നഗരസഭക്കൊപ്പം ജില്ല ഭരണകൂടവും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഴക്കാലം അടുത്തെത്തിയ സാഹചര്യത്തിൽ പണികക്ഷ വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ ഇത്തവണയും കൊച്ചി വെള്ളത്തിൽ മുങ്ങും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam