
ഇടുക്കി: മൂന്നാറിലുണ്ടായ മൂന്ന് ബൈക്കപകടങ്ങളിൽ നാലു യുവാക്കൾക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ബംഗളൂരു സ്വദേശികളായ മോഹൻരാജ് (22), പ്രശാന്ത്(22), ഗ്രഹാംസ് ലാന്റ് സ്വദേശി സി ദിവാകർ (21), തമിഴ്നാട് കരൂർ സ്വദേശി കാർത്തികേയൻ (32) എന്നിവരെയാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ദിവാകരൻ, മോഹൻരാജ്, എന്നിവരെയും, പ്രശാന്തിനെയും പിന്നീട് ആലുവായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർത്തികേയൻ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ടൗണിലെ ജോലി സ്ഥലത്തേക്ക് വരുന്ന വഴിയാണ് റോസ്ഗാർഡനു സമീപത്തുവച്ച് ദിവാകരന്റെ ബൈക്ക് എതിരെ വന്ന വിനോദ സഞ്ചാരികളുടെ കാറുമായി കൂട്ടിയിടിച്ചത്.
11 മണിക്കാണ് മാട്ടുപ്പെട്ടി റോഡിലെ ഗ്രഹാംസ് ലാന്റിൽ വച്ച് മൂന്നാർ സന്ദർശനത്തിനെത്തിയ ബംഗളൂരു സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. എതിരെ ലോറി വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് ഇരുവർക്കും പരിക്കേറ്റത്. കുഞ്ചിതണ്ണിയിലെ ജോലി സ്ഥലത്തു നിന്ന് മുന്നാറിലേക്ക് വരും വഴി പള്ളി വാസലിൽ വച്ചാണ് കാർത്തികേയൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ഓട്ടോയുമായി ഇടിച്ച് അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam