
ആലപ്പുഴ: ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്ക്. കൊല്ലക്കടവ് പാറാട്ട് വീട് സാം (66), ഭാര്യ അജിത (60), മകൾ റൈസ (37), റൈസയുടെ മകൾ ആൻപ്രിയ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.10ന് ആലപ്പുഴ കടപ്പുറം വനിത - ശിശു ആശുപത്രിക്ക് സമീപത്തെ ബൈപാസ് മേൽപാലത്തിലായിരുന്നു അപകടം.
എതിർദിശയിൽനിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയ ക്രെറ്റയും എതിർദിശയിൽനിന്ന് വന്ന ഫോർച്യൂണറും തമ്മിൽ കൂട്ടിയിരിക്കുകായിരുന്നു. ഫോർച്യൂണറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ക്രെറ്റ കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഒരു കാറിൽ നിന്നുള്ള ഓയിൽ റോഡിലേക്ക് പരന്നു. പിന്നീട് ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി വെള്ളമൊഴിച്ചാണ് ഓയിൽ റോഡിൽ നിന്ന് നീക്കി അപകടാവസ്ഥ ഒഴിവാക്കിയത്. അപകടത്തെ തുടർന്ന് അൽപ നേരം ഗതാഗത തടസമുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം