പെരിന്തൽമണ്ണയിൽ 10.470 കിലോഗ്രാം തൂക്കം വരുന്ന ആനക്കൊമ്പുകളുമായി നാല് പേർ പിടിയിൽ

By Web TeamFirst Published Sep 5, 2019, 11:40 PM IST
Highlights

പെരിന്തൽമണ്ണയിലെ ലെ മെൻ എന്ന റെഡിമെയ്ഡ് വസ്ത്രാലയത്തിൽ വെച്ച് ആനക്കൊമ്പുകൾ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതികളെ കട വളഞ്ഞ് വനം വകുപ്പ് പിടികൂടിയത്. 

മലപ്പുറം: പെരിന്തൽമണ്ണയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആന കൊമ്പുകളുമായി നാല് പേർ പിടിയിൽ. 10.470 കിലോഗ്രാം തൂക്കം വരുന്ന ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ വനം വകുപ്പ് അധികൃതർ പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിൽ ഒന്നിന് 5.490 കിലോഗ്രാമും രണ്ടാമത്തേതിന് 4.980 കിലോഗ്രാമുമാണ് തൂക്കമുണ്ട്.

പെരിന്തൽമണ്ണയിലെ ലെ മെൻ എന്ന റെഡിമെയ്ഡ് വസ്ത്രാലയത്തിൽ വെച്ച് ആനക്കൊമ്പുകൾ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതികളെ കട വളഞ്ഞ് വനം വകുപ്പ് പിടികൂടിയത്. വിൽപ്പനക്ക് ആന കൊമ്പുകളുമായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നാല്  ദിവസമായി തിരുവനന്തപുരം ഇന്റലിജൻസ് വിഭാഗവും വനം വിജിലൻസ് വിഭാഗവും ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. പ്രതികളിലൊരാളായ മുഹമ്മദ് സാഹിം പെരിന്തൽമണ്ണയിലെ റെഡിമെയ്ഡ് ഷോപ്പ് ഉടമയാണ്. ഷാൻ, സുമേഷ്, നിഥിൻ, എന്നിവരാണ് മറ്റു പ്രതികൾ.

കരുവാരക്കുണ്ടിലെ വനമേഖലയിൽ നിന്നുമാണ് ആന കൊമ്പുകൾ ലഭിച്ചതെന്ന് പ്രതികൾ വനം വകുപ്പിന് മൊഴി നൽകി. ആന കൊമ്പുകൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇടനിലക്കാരായി പ്രവർത്തിച്ചതെന്ന് ഷാനും സുമേഷും മൊഴി നൽകി. നിഥിനെയും  ഷായെയും അറിയാമെന്നും എന്നാൽ കച്ചവടത്തിന് ആനകൊമ്പുകളുമായാണ് വരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും മുഹമ്മദ് സാഹിം പറഞ്ഞു.

പ്രതികൾ ആന കൊമ്പുകൾ കടത്താൻ ഉപയോഗിച്ച ആഡംബര കാർ വനം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഏതാനും പേർ മറ്റൊരു കാറിൽ രക്ഷപ്പെട്ടതായും വനം വകുപ്പ് അധികൃതർ അറിയിച്ചു. പ്രതികളെയും ആന കൊമ്പുകളും, കാറും, അന്വേഷണ ഉദ്യോഗസ്ഥനായ കാളികാവ് റെയ്ഞ്ച് ഓഫീസർക്ക് കൈമാറുമെന്ന് വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ എം രമേശ് കുമാർ വ്യക്തമാക്കി. രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
 

click me!