
ആലപ്പുഴ: വിവാഹ ജീവിതത്തിലേക്ക് ഒന്നിച്ച് ഒരേ വേദിയില്‍ നിന്ന് പ്രവേശിച്ചിരിക്കുകയാണ് നാല് കൂട്ടുകാര്‍. ആലപ്പുഴ സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ നാല് യുവതികളാണ് ഒന്നിച്ച് ജീവിതത്തിന്‍റെ മറ്റൊരു അധ്യായത്തിലേക്ക് പ്രവേശിച്ചത്. പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് അവർ കതിർമണ്ഡപത്തിലെത്തിയപ്പോൾ അനുഗ്രഹങ്ങളും ആശംസകളുമായി നൂറുകണക്കിനാളുകളാണെത്തിയത്. വി ജെ ഗോപിക, എസ് ശ്രീക്കുട്ടി, ശാലിനി, അയ്ടു എന്നിവരാണ് ഒന്നിച്ച് ഒരേ പന്തലില്‍ വച്ച് വിവാഹിതരായത്.
ഇംഗ്ലീഷില്‍ ബിരുദാനന്ദര ബിരുദമുള്ള ഗോപിക കഴിഞ്ഞ 18 വര്‍ഷമായി മഹിളാ മന്ദിരത്തിലാണ് കഴിയുന്നത്. ഹോട്ടല്‍ മാനേജ്‍മെന്‍റില്‍ ഡിപ്ലോമയുള്ള ശ്രീക്കുട്ടി കഴിഞ്ഞ 15 വര്‍ഷമായി ഗോപികയ്‍ക്ക് ഒപ്പമുണ്ട്. ഇരുവരും ഒരേ വീട്ടിലേക്കാണ് മരുമക്കളായി എത്തുന്നതും. പാലക്കാട് ആലത്തൂർ സ്വദേശി വിജയകുമറും സഹോദരന്‍ വിപിൻകുമാറുമാണ് ഇരുവരെയും വിവാഹം ചെയ്തത്. മാസങ്ങൾക്ക് മുമ്പ് മഹിളാമന്ദിരത്തിലെത്തിയ ശാലിനിക്ക് അമ്പലപ്പുഴ കാക്കാഴം സ്വദേശി യദുകൃഷ്ണനാണ് താലിചാർത്തിയത്. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് ഒരു വർഷം മുമ്പ് മന്ദിരത്തിലെത്തിയതാണ് അസം സ്വദേശിനി അയ്ടു ബറുവ. തൃശൂർ മാള സ്വദേശി ഉണ്ണികൃഷ്ണനാണ് അയ്ടുവിനെ വിവാഹം ചെയ്തത്. ഇതോടെ മന്ദിരത്തിലെ അന്തേവാസികളായിരുന്ന 11 യുവതികളുടെ വിവാഹങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
ഹൈന്ദവ ആചാര പ്രകാരം ഇന്ന് രാവിലെ 11നും 12നും മധ്യേ ആലപ്പുഴ ടൗൺഹാൾ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹങ്ങൾ .സംസ്ഥാന വനിതാശിശുവികസന വകുപ്പ്,ആലപ്പുഴ നഗരസഭ എന്നിവ കൈകോർത്ത് നിരവധി സ്പോൺസർമാരെ കണ്ടെത്തിയാണ് ചടങ്ങ് ഗംഭീരമാക്കിയത്.മഹിളാമന്ദിരം സൂപ്രണ്ട് വി എ നിഷാമോൾ, നഗരസഭാ ചെയർമാൻ തോമസ് ജോസഫ് എന്നിവർ രക്ഷകർത്താക്കളുടെ സ്ഥാനത്ത് നിന്നു.സ്പോൺസർമാരെ കണ്ടെത്തുന്നതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. പ്രതീക്ഷിച്ചതിൽ കൂടുതൽ സംഭാവനകൾ ലഭിച്ചു. പൊലീസിന്‍റെ സഹായത്തോടെ വേരിഫിക്കേഷൻ നടത്തിയാണ് വരന്മാരെ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam