
കോട്ടയം: 'കൊച്ചുമകന്‍റെ പ്രായമുളള ഒരു കുട്ടിയാണ് എന്നെ പറ്റിച്ചത്' - അത്രമേൽ വേദനയോടെ ആ പാവം അമ്മുമ്മ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് പറഞ്ഞ് നിറുത്തിയത് ഇങ്ങനെയായിരുന്നു. 'ചെറുപ്പക്കാരാ ഒന്നു മാത്രം നിങ്ങളറിയുക, ഭര്‍ത്താവും മക്കളും മരിച്ചു പോയ ഒരു പാവം അമ്മൂമ്മയുടെ ഏക ഉപജീവന മാർഗമാണ് നിങ്ങളുടെ അതിബുദ്ധിയില്‍ ഇല്ലാതായി പോയത്' എന്നായിരിക്കും ആ അമ്മുമ്മയുടെ വേദന കേട്ടാൽ കനിവുള്ള ഓരോ മനുഷ്യനും പറഞ്ഞുപോകുക. മുണ്ടക്കയം സ്വദേശിനിയായ 93 വയസുള്ള ദേവയാനിയമ്മയെ പറ്റിച്ച് 4000 രൂപയുടെ ലോട്ടറി തട്ടിയെടുത്തെന്ന വാർത്ത കേട്ടവരെല്ലാം മൂക്കത്ത് വിരൽ വച്ചിട്ടുണ്ടാകും.
കൊച്ചിയിൽ ടോറസ് ലോറി ഷോറൂമിലേക്ക് ഇടിച്ചു കയറി മറിഞ്ഞു, പരിക്കേറ്റവർ ആശുപത്രിയിൽ; നാശനഷ്ടം കനക്കും
തൊണ്ണൂറ്റി മൂന്ന് വയസുളള വയോധികയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്ത ചെറുപ്പക്കാരൻ ആരായിരിക്കും എന്നതാണ് ഇപ്പോൾ ഏവരും അന്വേഷിക്കുന്നത്. വാർത്ത പുറത്തുവന്ന് ഇത്രയും സമയമായിട്ടും ആ തട്ടിപ്പ് നടത്തിയ അതിബുദ്ധിക്കാരൻ ഇനിയും വെളിച്ചത്തുവന്നിട്ടില്ല.കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ സ്വദേശിയാണ് തട്ടിപ്പിന് ഇരയായ വയോധിക. ഇതോടെ ഇവരുടെ ജീവിത മാര്‍ഗം തന്നെ നിലച്ചു പോയ അവസ്ഥയാണ്. ഈ പ്രായത്തിൽ ഉപജീവനത്തിന് ആകെയുണ്ടായിരുന്ന വഴിയും അടയുമ്പോൾ ദേവയാനിയമ്മയുടെ ജീവിതത്തിൽ ഇരുട്ട് മൂടുകയാണ്. 4000 രൂപ ഈ അമ്മൂമ്മയെ സംബന്ധിച്ചടുത്തോളം അത്രയും ഭീമമായ തുകയാണ്.
ലോട്ടറി വിറ്റാണ് വര്‍ഷങ്ങളായി ദേവയാനിയമ്മ ഉപജീവനം നടത്തിവന്നിരുന്നത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്. മുഴുവന്‍ ലോട്ടറിയും വിറ്റതിന്‍റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന്‍ കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്‍റെ നോട്ടിനോട് സാദൃശ്യമുളള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്. ഇനിയെന്ത് എന്ന ചോദ്യവുമായാണ് ദേവയാനിയമ്മയുടെ ഓരോ നിമിഷവും കടന്നുപോകുന്നത്. ഒരു പക്ഷേ കരുണയുടെ സഹായ ഹസ്തം ആരോരുമില്ലാത്ത ആ പാവം അമ്മുമ്മയെ തേടിയെത്തിയേക്കാം. എന്നാലും അമ്മൂമ്മയെ പറ്റിച്ച അതിബുദ്ധി കാട്ടിയ ആ ചെറുപ്പക്കാരൻ പിടിയിലാകണമെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഏവരും പങ്കുവയ്ക്കുന്ന വികാരം.