സിപിഎം നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; ഇരയായവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കിയില്ല

Published : Sep 04, 2025, 11:23 AM IST
fraud

Synopsis

സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും വ്യാജ വായ്പകളെടുത്തും സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് ഫിഷറീസ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട്.

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നേതൃത്വത്തിലുള്ള എടക്കാട് സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നടന്ന കോടികളുടെ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവന്ന് മാസങ്ങളായിട്ടും തട്ടിപ്പിനിരകളായവര്‍ക്ക് പണം തിരികെ നല്‍കാനോ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനോ നടപടിയില്ല. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും വ്യാജ വായ്പകളെടുത്തും സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് ഫിഷറീസ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട്. തട്ടിപ്പ് കണ്ടെത്തിയതോടെ ഈ സംഘത്തിന് കീഴിലുളള തൊഴിലാളികള്‍ക്ക് മല്‍സ്യ ഫെഡില്‍ നിന്നുളള ആനുകൂല്യങ്ങളും നിലച്ചു.

കണ്ണൂര്‍ ആയിക്കരയില്‍ നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സംഘം. മത്സ്യത്തൊഴിലാളികള്‍ ജോലി കഴിഞ്ഞ് കരയ്ക്ക് കയറിയാല്‍ ആദ്യം കാണുന്നതും എടക്കാട് മല്‍സ്യത്തൊഴിലാളി സഹകരണ സംഘത്തിന്‍റെ ഓഫീസ് തന്നെയായിരുന്നു. ഫിഷറീസ് വകുപ്പിന്‍റെ വിവിധ ആനുകൂല്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ സഹായവുമെല്ലാം മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത ഈ സംഘം വഴിയായിരുന്നു ആയിക്കരയിലെ രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത്. മല്‍സ്യഫെഡ് വഴിയുള്ള വായ്പ അനുവദിച്ചിരുന്നതും ഇതേ സംഘം തന്നെയായിരുന്നു. ഇതോടൊപ്പം കണ്ണൂരില്‍ സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘമെന്ന ഖ്യാതിയും ഇവിടെ സ്ഥിരനിക്ഷേപം നടത്താന്‍ പലര്‍ക്കും പ്രേരണയായി. എന്നാല്‍ ഈ വിശ്വാസമെല്ലാം മുതലെടുത്ത് ഭരണ സമിതിയും സെക്രട്ടറിയും ചേര്‍ന്ന് മത്സ്യത്തൊഴിലാളി സഹകരണ സംഘത്തെ ലക്ഷണമൊത്തൊരു കൊള്ള സംഘമാക്കി മാറ്റുന്നതാണ് പിന്നീട് കണ്ടത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സംഘത്തില്‍ നടന്ന ക്രമക്കേടുകളുടെ സമഗ്ര ചിത്രം വിക്തമാക്കുന്നതാണ് ഫിഷറീസ് അസി രജിസ്ട്രാര്‍ പിജി സന്തോഷ് കുമാറിന്‍റെ റിപ്പോര്‍ട്ട്. നാല് മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന ക്രമക്കേടുകള്‍ ഇവയാണ്. സ്ഥിര നിക്ഷേപത്തില്‍ തിരിമറി നടത്തിയും തൊഴിലാളികള്‍ എടുക്കാത്ത വായ്പ എടുത്തെന്ന് കാട്ടിയുമാണ് ഭരണ സമിതി ക്രമക്കേട് നടത്തിയത്. ഹ്രസ്വകാല വായ്പയായി 53 നിരപരാധികളുടെ പേര് പറഞ്ഞ് സംഘം ഭരണ സമിതി തട്ടിയെടുത്തത് 18,58,179 രൂപയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്താനായി അനുവദിക്കുന്ന വായ്പയുടെ കാര്യം ഇങ്ങനെ:- 62 പേരുടെ പേരില്‍ വ്യാജ വായ്പകളെടുത്ത് തട്ടിയത് 2,56,17007 രൂപ. 39 പേര്‍ക്കാണ് സ്ഥിര നിക്ഷേപ ഇനത്തില്‍ മുതലും പലിശയും തിരികെ നല്‍കാനുള്ളത്.

സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എടക്കാട് സംഘത്തിലെ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഫീഷറീസ് ജോയിന്‍റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്രമക്കേടിനെക്കുറിച്ച് ഭരണസമിതിയില്‍ നിലവിലുള്ള അംഗങ്ങളോ സിപിഎം നേതാക്കളോ തയ്യാറായില്ല.

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം