
ഹരിപ്പാട്: മൂന്ന് വയസുകാരിയുടെ പേരിൽ ചികിത്സാ സഹായം അഭ്യർത്ഥിച്ച് വൻ തട്ടിപ്പ്. ദമ്പതികൾ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ. നങ്ങ്യാർക്കുളങ്ങര ജങ്ഷന് കിഴക്ക് റെയിൽവേ ക്രോസിൽ ഓട്ടോ നിർത്തിയിട്ട് ചികിത്സാ സഹായത്തിന് പണപ്പിരിവ് നടത്തിയ നാല് പേരാണ് പിടിയിലായത്. ഗാന്ധിഭവൻ സ്നേഹവീട്ടിലെ പ്രവർത്തകരും പത്തിയൂർ സ്വദേശിയും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
പത്തിയൂർ ആറാം വാർഡിൽ മൂന്ന് വയസുകാരി അനശ്വരയുടെ അർബുദ രോഗത്തിന് പണം സ്വരൂപിക്കുന്നുവെന്ന ബോർഡ് വെച്ചാണ് തഴവ സ്വദേശികളായ ഇവർ തട്ടിപ്പ് നടത്തിയത്. ബോർഡിൽ ആറാം വാർഡ് മെമ്പറുടെ ഉൾപ്പടെ ഫോൺ നമ്പരും വെച്ചിരുന്നു. സമഭാവന പ്രവർത്തകർ ഈ നമ്പരിൽ മെമ്പറെ ബന്ധപ്പെട്ടപ്പോൾ ഇവർ അറിയാതെയാണ് പണപ്പിരിവെന്ന് അറിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ കരീലക്കുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേരെ കസ്റ്റഡിയിലെടുത്തു. തഴവ കേന്ദ്രീകരിച്ചുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലാണ് പണപ്പിരിവ് നടത്തിവന്നത്. പ്രവർത്തകർ ചികിത്സാസഹായം ആവശ്യമായ കുട്ടിയുടെ വീട് അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായി മറുപടി നൽകിയതിനാൽ സംശയം തോന്നിയാണ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചത്.
സംഭവത്തെപറ്റി പൊലീസ് പറയുന്നത്- നാളുകൾക്ക് മുമ്പ് പത്തിയൂർ ഭാഗത്ത് ഇവർ ഇതേരീതിയിൽ മറ്റൊരു രോഗിയുടെ പേരിൽ പണപ്പിരിവ് നടത്തിയിരുന്നു. ഇത് കണ്ട നാട്ടുകാർ അനശ്വരയുടെ രോഗ വിവരം അറിയിക്കുകയും സഹായിക്കണമെന്ന് പറയുകയും ചെയ്തു. ഇവർ അനശ്വരയുടെ വീട്ടിൽ എത്തി ചികിത്സാ വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് മടങ്ങി.
എന്നാൽ നാളിതുവരെ ഒരു രൂപ പോലും ഇവർക്ക് നൽകിയിട്ടില്ല. പിരിവ് നടത്തുന്ന വിവരവും വീട്ടുകാർ അറിഞ്ഞിരുന്നില്ല. സമാന രീതിയിൽ നിരവധി അഭ്യർത്ഥനാ പോസ്റ്ററുകൾ ഇവരുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയതായും വിവരമുണ്ട്. തഴവ സ്വദേശികളായ ദമ്പതികൾ മറ്റ് രണ്ടുപേരെ ദിവസക്കൂലിക്ക് നിർത്തിയാണ് പിരിവ് നടത്തി വന്നിരുന്നതായാണ് വിവരം. ദിവസം അഞ്ഞൂറ് രൂപയും വണ്ടിക്കൂലിയും ഭക്ഷണവും നൽകിയിരുന്നതായി സമഭാവന പ്രവർത്തകരോട് ഇവർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam