
കോഴിക്കോട്: തവണ വ്യവസ്ഥയിൽ പണമടച്ചാൽ ഗൃഹോപകരണങ്ങൾ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോഴിക്കോട് കായക്കൊടി കാവിലുംപാറ ഭാഗങ്ങളിലുള്ളവരാണ് പറ്റിക്കപ്പെട്ടത്. പ്രമുഖ ഓൺലൈൻ കമ്പനിയുടെ പരസ്യം കാണിച്ചാണ് തട്ടിപ്പുകാരൻ ആളുകളെ വിശ്വസിപ്പിച്ചത്
ഗംഭീര എക്സ്ചേഞ്ച് ഓഫറെന്നായിരുന്നു വാഗ്ദാനം. ആഴ്ചയിൽ 100 രൂപ വീതമടച്ച് പുത്തൻ ഫ്രിഡ്ജും ടിവിയും അലമാരയുമെല്ലാം വീട്ടിലെത്തിക്കാമെന്ന് പറഞ്ഞുള്ള വാചക കസർത്തിൽ വീണ് പോയവരാണ് പറ്റിക്കപ്പെട്ടത്. കോഴിക്കോട് സ്വദേശി ബെന്നിയെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരൻ വീടുകളിലെത്തിയത്. കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകളിൽ നിശ്ചിത തുക മുൻകൂറായി അടച്ച് അന്പതിലേറെ പേരാണ് രണ്ടാഴ്ച കൊണ്ട് തട്ടിപ്പിനിരയായത്. ദിവസങ്ങൾ കഴിഞ്ഞിട്ടും സാധനങ്ങൾ വീട്ടിലെത്താഞ്ഞതോടെ തട്ടിപ്പുകാർ തന്ന നമ്പറിൽ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.
തട്ടിപ്പിനിരയായവർ തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പണം നൽകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സമാന രീതിയിൽ മറ്റ് പ്രദേശങ്ങളിൽ ഇയാൾ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.