പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി സൗജന്യ ഉച്ചഭക്ഷണം

By Web TeamFirst Published Dec 1, 2018, 8:26 PM IST
Highlights

താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരുമാസത്തെ ഭക്ഷണം നല്‍കാനുള്ള തുകയുടെ ചെക്ക് പേരാമ്പ്ര മേഴ്‌സി കോളേജ് എംഡി രമ ബാലന്‍  മന്ത്രിക്ക് കൈമാറി.

കോഴിക്കോട് : പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ  ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യം  പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ് നടപ്പിലാക്കുന്നത്. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരുമാസത്തെ ഭക്ഷണം നല്‍കാനുള്ള തുകയുടെ ചെക്ക് പേരാമ്പ്ര മേഴ്‌സി കോളേജ് എംഡി രമ ബാലന്‍  മന്ത്രിക്ക് കൈമാറി. പിന്നീടുള്ള തുക സംഭാവനയായി കണ്ടെത്തും. 

മേഴ്‌സി കോളജിലെ അധ്യാപകരും രക്ഷിതാക്കളും മനുഷ്യസ്‌നേഹപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്നും ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.  കുടുംബശ്രി യൂണിറ്റിനെയാണ് പാചക ചുമതല ഏല്‍പിച്ചിരിക്കുന്നത്. അത് അവര്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഭക്ഷണവിതരണത്തിനായി 35 ലക്ഷം രൂപ ചെലവിലാണ് താലൂക്ക് ആശുപത്രി കോംപൗണ്ടില്‍ ഊട്ടുപുര നിര്‍മിച്ചിരിക്കുന്നത്. പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സി ആണ് ഗ്യാസ് കണക്ഷനും സ്റ്റൗവും നല്‍കിയത്. 

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ.സുനീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.ബാലന്‍, വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.നാരായണക്കുറുപ്പ്, മെമ്പര്‍ ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി.ഗംഗാധരന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ രതി രാജീവ്, മെഡിക്കല്‍ ഓഫിസര്‍ ഡോ.ഷാമിന്‍ എന്നിവര്‍ സംസരിച്ചു.

click me!