
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞ ഫ്രഞ്ച് പൗരൻ ചൗറ്ഗ് ഐസ്സിയ ഗോകർണത്തേക്ക് യാത്ര തിരിച്ചു. ഡിടിപിസി എടുത്ത് നൽകിയ ടിക്കറ്റുമായി ഗരീബ് രഥ് ട്രെയിനിലാണ് ഐസ്സിയ ഗോകർണത്തേക്ക് യാത്ര തിരിച്ചത്. ചൗറ്ഗ് ഐസ്സിയയെ കുറിച്ച് മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ മന്ത്രി പി എ മുഹമ്മദ് റിയാസ് ഇടപെടുകയായിരുന്നു. ഫ്രഞ്ച് പൗരന് ആവശ്യമായ സഹായങ്ങളൊരുക്കാൻ ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാറിനെയും ഡിടിപിസി സെക്രട്ടറി നിഖിൽ ദാസിനെയും ചുമതലപ്പെടുത്തി. തുടർന്ന് ടൂറിസം വകുപ്പ് അദ്ദേഹത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഡിടിപിസിയാണ് ആശുപത്രി ചെലവും മറ്റും വഹിച്ചത്.
തനിക്ക് തിരികെ പോകാൻ സൗകര്യമൊരുക്കി തന്ന സർക്കാരിനും ടൂറിസം വകുപ്പിനും ഡിടിപിസിക്കും പ്രത്യേകം നന്ദി അറിയിച്ചാണ് ഐസ്സിയ യാത്ര തിരിച്ചത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഗോവയിലേക്ക് കുടുംബത്തിനൊപ്പം വന്നതായിരുന്നു ഐസ്സിയ. ഓർമക്കുറവുകാരണം എങ്ങനെയോ കോഴിക്കോട്ടെത്തി. അവശനിലയിൽ കണ്ട ഇദ്ദേഹത്തെ ആരോ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ആശുപത്രി വിടാൻ ഡോക്ടർമാർ അനുമതി നൽകി. ഗോകർണത്തുപോയി ധ്യാനിക്കണമെന്നതാണ് ആഗ്രഹമെന്ന് ടൂറിസം അധികൃതരെ അറിയിച്ചിരുന്നു. അങ്ങനെയാണ് ഗോകർണത്തേക്ക് ടിക്കറ്റ് എടുത്ത് നൽകിയത്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ്, പ്രൊജക്ട് എഞ്ചിനീയർ ലിനീഷ് തോമസ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ ജിജി എ ജി, ഡിടിപിസി മാനേജർ അശ്വിൻ എന്നിവർ ചേർന്നാണ് ചൗറ്ഗ് ഐസ്സിയയെ യാത്രയാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam