
വർക്കല: തിരുവനന്തപുരം വർക്കലയിൽ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ അജ്ഞാത വാഹനമിടിച്ചു. ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ (63) ആണ് അപകടത്തിൽപ്പെട്ടത്. ഇടിച്ച വാഹനം നിർത്താതെ പോയതോടെ പൊലീസ് ഹിറ്റ് ആൻഡ് റൺ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്റ്റിൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു വാഹനം അതിവേഗത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തെറിച്ചു വീണ ക്രിസ്റ്റിന് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. അവരെ ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്.
വർക്കല പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. അപകടം നടന്ന സ്ഥലത്തെയും സമീപത്തെയും വ്യാപാര സ്ഥാപനങ്ങളിലെയും റോഡിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. വിദേശ സഞ്ചാരിയുടെ വാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താൻ നഗരത്തിലെ പ്രധാന പാതകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. വർക്കലയിലെ പാപനാശം ഭാഗങ്ങളിലും മറ്റും വിദേശികൾ ധാരാളമായി എത്തുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കുറ്റവാളിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam